ശ്രീനഗറിൽ ഒരു പെരുന്നാൾ ദിനത്തിൽ

By Badrudheen El Farthwavi
published in Mathrubhumi-Yathra
‘ഇസ്‌മേം ബഹ്തര്‍ തസ്‌ലീഹാത് ഫറാഹിം കിയാ ഹെ. ഓര്‍ ഏസി ഭീ മൗജൂദ് ഹെ’… ‘ ദേക്കോ സാബ്, മേം സിര്‍ഫ് ദോ ഹസാര്‍ രൂപയാ സെ ഉദര്‍ ബഹുത് തേസ് സെ പഹൂംജ് ആയേംഗെ’….
എസ്.യു.വി. വാഹനങ്ങളുമായി ഞങ്ങളെ ബാനിഹാളിലെത്തിക്കാന്‍ ഡ്രൈവര്‍മാര്‍ മത്സരിക്കുകയായിരുന്നു. അവര്‍ തമ്മിലുള്ള വാക്കേറ്റം നിമിഷങ്ങള്‍ക്കകം ഫെയറില്‍ തന്നെ കാര്യമായ വ്യതിയാനമുണ്ടാക്കി. എങ്കിലും ഒരു സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ ഞങ്ങളെ ടൂറിസ്റ്റുകളാണെന്ന് തിരിച്ചറിയുകയും അവരുടെ കുടുക്കില്‍ നിന്നും രക്ഷപ്പെടുത്തി, തൊട്ടടുത്തുള്ള ബസ് സ്റ്റാന്റിലേക്ക് വഴി നടത്തി. ട്രിപ്പ് നഷ്ടപ്പെട്ട ഡ്രൈവര്‍മാര്‍ ഉദ്യോഗസ്ഥനെ കാശ്മീരി ഭാഷയില്‍ എന്തൊക്കെയോ ചീത്ത വിളിക്കുന്നുണ്ട്. പീന്നീടങ്ങോട്ടുള്ള യാത്രയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയം വരുന്നു. റോഡിന്റെ ഇരുവശങ്ങളില്‍ നിശബ്ദതയില്‍ നിരനിരയായി നിവര്‍ന്ന് നില്‍ക്കുന്ന വന്‍ മലനിരകള്‍.
താമരശ്ശേരി ചുരമൊക്കെ ഇതിനടുത്ത് ഒന്നുമല്ലെന്ന് ബോധ്യപ്പെട്ട നിമിഷങ്ങള്‍. അപകടം മണക്കുന്ന വളവുകളിലൊന്നും ബാരിക്കേഡുകളോ മറ്റു സുരക്ഷ സംവിധാനങ്ങളോയൊന്നുമില്ല. നന്നേ ചെറിയ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സമുദ്ര നിരപ്പില്‍ നിന്നും രണ്ടായിരം മീറ്ററിന്  മുകളിലാണ്. ചെരുവുകളില്‍ മരങ്ങളും മറ്റു കുറ്റിച്ചെടികളും ഇല്ലാത്തതിനാല്‍ ഡ്രൈവിംഗില്‍ ചെറിയൊരബദ്ധം പറ്റിയാല്‍, മറിഞ്ഞ് വീഴുക വന്‍കൊക്കകളിലേക്കാണ്. വളഞ്ഞ് പുളഞ്ഞ മലകള്‍ക്കിടയിലൂടെയുള്ള ഫര്‍ണിഷ് ചെയ്ത ഒമ്പത് കീലോമീറ്ററോളമുള്ള തുരങ്കങ്ങളും ഈ പാതയിലെ പ്രത്യേകതയാണ്.

തുടരെ പോകുന്ന ആര്‍മി ട്രെക്കുകളെയും ഇടവിട്ടിടവിട്ട് തോക്കുമേന്തി മുഖത്തെ ഗൗരവം വിടാതെ നില്‍ക്കുന്ന സേനാഭടന്‍മാരെയും നിരന്തരം ദൃഷ്ടിയില്‍ പതിഞ്ഞ് കൊണ്ടേയിരുന്നു.  റോഡിന്റെ വശങ്ങളിലുള്ള പാറക്കൂട്ടങ്ങള്‍ മനസ്സിനെ തട്ടിയുണര്‍ത്തുന്ന അതിമനോഹരമായ കാഴ്ചകളായിരുന്നു. ഇരുന്നുറ് കിലോമീറ്ററോളമേയുള്ളുവെങ്കിലും ഭീതിപ്പെടുത്തുന്ന മലകള്‍ക്കിടയിലൂടെയുള്ള ദുര്‍ഘട പാത താണ്ടിയെടുക്കാന്‍ ഏഴുമണിക്കൂറോളമെടുത്തു.

ബാനിഹാളില്‍ എത്തിയ ഉടനെ ശ്രീനഗറിലേക്ക് ട്രെയിന്‍ കയറി. കാശ്മീരിലെ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും വളരെ അഡ്വാന്‍സഡായിരുന്നു. എന്തിന് പറയണം തെരുവു നായകള്‍ക്ക് പോലും വളര്‍ത്തു നായകളെപ്പോലെ നല്ല വൃത്തിയും വെടിപ്പുമുണ്ട്. പതിനഞ്ച് മിനിറ്റോളമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വെ ടണലായ പീര്‍ പഞ്ചല്‍ ടണലിലൂടെയായിരുന്നു യാത്ര തുടങ്ങിയത്. സൈഡ് വിന്‍ഡോയിലൂടെ പുറത്തെ ഹരിതാഭമായ കാഴ്ചകളും മാനം മുട്ടെ നില്‍ക്കുന്ന അഴകുള്ള മലനിരകളും കാണാം.

ശ്രീനഗറിലെത്തുമ്പോള്‍ ഉച്ചയായിരുന്നു.ലൈന്‍ ബസ്സുകളെക്കൊ ‘407’ മോഡലായിരുന്നു. കുത്തനെയുള്ള കയറ്റങ്ങളായത് കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള ഭാരം കുറഞ്ഞ വാഹനങ്ങള്‍ സംവിധാനിച്ചിട്ടുണ്ടാവുക. വിന്‍ഡോയിലൊക്കെ കമ്പികളാലുള്ള സുരക്ഷാകവചങ്ങളുണ്ട്. ഡ്രൈവറും സഹായിയുമൊക്കെ യുവാക്കള്‍ തന്നെ. മണിക്കൂറുകളോളം നീണ്ട് നിന്ന യാത്ര ഞങ്ങളെ വല്ലാതെ തളര്‍ത്തുകയും ചടപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ പുറമെ, മൊബൈല്‍ നെറ്റ്‌വര്‍ക്ക് നിശ്ചലമാവുകയും ചെയ്തു. പോസ്റ്റ്‌പെയ്ഡ് സിമ്മുകളേ ഉപയോഗിക്കാന്‍ കഴിയുമെന്ന വിവരം ലഭിച്ചതിനാല്‍, നാട്ടില്‍ നിന്ന് വരുമ്പോള്‍ തന്നെ ഒരു സിം കരുതിയിട്ടുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, അത് ആക്ടിവേറ്റ് ആയതുമില്ല. ഞങ്ങളെയും കാത്ത് നില്‍ക്കുന്ന സുഹൃത്ത് ശൗക്കത്ത് ഭായിയുടെ വീട് സോപ്പൂരിലാണെന്ന് അറിയാം.

പക്ഷെ, എവിടെ ചെന്നിറങ്ങണമെന്നതിനെക്കുറിച്ചും, അവിടെ എങ്ങിനെ എത്തണമെന്നതിനെക്കുറിച്ചും ഒരുപിടിയും ഇല്ലായിരുന്നു. ദൈവകൃപയാല്‍, കോഴിക്കോട് അഞ്ചുവര്‍ഷത്തോളം ജോലി ചെയ്ത ഒരാളെ യാദൃശ്ചികമായി പരിചയപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ ഫോണിലൂടെ സുഹൃത്തിനെ ബന്ധപ്പെടുകയും നിര്‍ദേശ പ്രകാരം പറഞ്ഞസ്ഥലത്തേക്ക് വണ്ടികയറുകയും ചെയ്തു.

ഊഷ്മളമായ സ്വീകരണം തന്നെ ലഭിച്ചു. ഉടന്‍ കൊതിയൂറും വിഭവങ്ങള്‍ മുന്നില്‍ കൊണ്ടുവന്ന് നിരത്തി സല്‍ക്കരിച്ചു. പിന്നീടങ്ങോട്ടുണ്ടായിരുന്ന ആതിഥേയരീതി പറഞ്ഞറയിക്കാന്‍ പ്രയാസം. വാക്കുകള്‍ കൊണ്ടറിയിക്കാന്‍ പറ്റാത്ത സ്വീകരണം. കാശ്മീരികളുടെ സംസ്‌കാരം തന്നെയാണ് അതെന്ന് പിന്നീട് അറിയാന്‍ സാധിച്ചു. അവിടെയുള്ള വീടുകളിലെല്ലാം ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ഡൈനിംഗ് ഹാളുകള്‍ തന്നെയുണ്ട്. നിലത്ത് ഒരു പ്രത്യേക വിരിപ്പ് വിരിച്ചാണ് ഭക്ഷണത്തിന് ഇരിക്കുക. ഫ്രൂട്ടി വേനല്‍ക്കാലത്തെ സ്‌പെഷ്യല്‍ ഐറ്റമാണ്. അതിലുപരി, കാശ്മീരികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് ഇല്ല എന്നതും കൗതുകമായി.

പകരം സാല്‍ട്ട് ടീയും ചെറിയ ചെറിയ മധുരപലഹാരങ്ങളുമാണ് ആ നേരത്തെ  ഭക്ഷണം. അപരിചിത്വം നിറഞ്ഞ ഭക്ഷണ വിഭവങ്ങള്‍ കാശ്മീര്‍ യാത്രയുടെ മായാത്ത ഓര്‍മകളാണ്. നേരം ഇരുട്ടിയപ്പോഴേക്കും മരം കോച്ചുന്ന തണുപ്പ് വീടിനകത്തേക്ക് അടിച്ചുകയറിയിട്ടുണ്ടായിരുന്നു. എത്ര കരിമ്പടങ്ങള്‍ മൂടിപ്പുതച്ചാലും തുളച്ച് കയറുന്ന തണുപ്പ്. ക്ഷീണം അറിയാതെ നിദ്രയിലേക്ക് വലിച്ച് കൊണ്ടുപോയി.

പിറ്റേന്ന്, എഴുന്നേറ്റയുടനെ അവരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലേക്ക് പ്രഭാത സവാരിക്കിറങ്ങി. വിവിധ തരം ആപ്പിളുകളും അക്രൂട്ടുകളും കുലച്ച് നിറഞ്ഞു നില്‍ക്കുന്നുണ്ട്. പാകമായതൊക്കെ കൈകൊണ്ട് പറിച്ച് തിന്നുന്നതിനുള്ള രസം ഒന്ന് വേറെ തന്നെയായിരുന്നു. അതിന് ശേഷം, വര്‍ഷം തോറും നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ബാരമുല്ലയിലെ ഗുല്‍മര്‍ഗിലേക്കിറങ്ങി. കിലോമീറ്ററുകളോളം പാതക്ക് ഇരുവശവും ദൃഷ്ടിയില്‍ ആപ്പിള്‍ മരം തന്നെ. കുലച്ച് നില്‍ക്കുന്ന ആപ്പിള്‍, സീസണ്‍ അല്ലാത്തതിനാല്‍ പച്ചപ്പിലാണ്. വഴിമധ്യേ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ബാബാറാഷി ദര്‍ഗ സന്ദര്‍ശിക്കാനും മറന്നില്ല.

പര്‍വ്വതത്തിന്റെ വളരെ മുകളില്‍ സ്ഥിതി ചെയ്യുന്ന ദര്‍ഗയുടെ വശങ്ങളില്‍ എത്രനോക്കിനിന്നാലും കണ്ണെടുക്കാന്‍ തോന്നാത്ത വിധമുള്ള സുന്ദരമായ ഹരിത കാഴ്ചയാണ്. പ്രകൃതി അതിന്റെ മനോഹരമായ വര്‍ണത്തില്‍ ചാലിച്ചെടുത്ത ചിത്രം.

ഹിമാലയത്തിലെ പീര്‍പഞ്ചല്‍ റേഞ്ചുകളിലുള്ള ഗുല്‍മര്‍ഗില്‍ വന്നിറങ്ങുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയുണ്ടായിരുന്നു. കയ്യില്‍ പിടിച്ച ട്രേകളുമായി ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കുന്ന  വഴിവാണിഭക്കാരെ കാണാമായിരുന്നു എങ്ങും. ജൂണ്‍ കാശ്മീരിന്റെ വേനല്‍ക്കാലമാണെങ്കിലും കുളരിണിയുക്കുന്ന ശീതക്കാറ്റിനൊരു പഞ്ഞവുമില്ല. ശൈത്യകാലത്ത് ഒരാളുടെ ഉയരത്തില്‍ വരെ മഞ്ഞ് പെയ്ത് കൂടുമത്രെ. നാലായിരത്തിയിരുന്നൂറ് മീറ്റര്‍ ഉയരത്തിലുള്ള അതിന്റെ ഏറ്റവും ഉച്ചിയിലെ ഗൊന്‍ഡോലയില്‍ അപ്പോഴും മഞ്ഞ് കൂടിനില്‍ക്കുന്നത് കാണാമായിരുന്നു. കോടമഞ്ഞ് ആകാശത്തേക്ക് സാവധാനം ഉയര്‍ന്ന് പോകുന്നുണ്ട്. പൂക്കളുടെ പുല്‍ത്തകിടെന്നാണ്‌ ഗുല്‍മര്‍ഗ് എന്ന പദത്തിനര്‍ത്ഥം. ശൈത്യകാലത്ത് അഫര്‍വധ് പീക്കിന്റെ താഴ്‌വരയില്‍ നടക്കുന്ന സ്‌കേറ്റിങ്ങും മറ്റു സ്‌പോര്‍ട്‌സുകളും ഗുല്‍മര്‍ഗിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്.

ലോകത്ത് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കാബിള്‍ കാറും ഗ്രീന്‍ ഗോള്‍ഫ് കോര്‍ട്ടും ഇവിടെയാണ്. റോപ്പ് വേ യാത്ര സഞ്ചാരികള്‍ക്ക പ്രധാനപ്പെട്ടതാണ്. പതിവനുസരിച്ച റോപ്പ് വേ സൗകര്യവും കുതിരയുമാണ് മുകളിലെത്താനുള്ള ലക്ഷ്യമാര്‍ഗങ്ങള്‍. എന്നാല്‍ ട്രെക്കിങ്ങിലൂടെ മുകളിലെത്താം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

മാത്രമല്ല, ട്രക്കിങ്ങിലൂടെ മാത്രമേ പൂര്‍ണമായി ഈ പ്രകൃതിയെ അടുത്തറിയാനാകൂ എന്ന തിരിച്ചറിവും തീരുമാനത്തെ കൂടുതല്‍ ശരിവെച്ചു. അങ്ങിനെ ഞങ്ങള്‍ അഞ്ചംഗസംഘം സാഹസത്തിനൊരുങ്ങി മലയുടെ ഉച്ചിയെ ലക്ഷ്യമാക്കി. നട്ടുച്ചയാണെങ്കിലും, പ്രകൃതിദത്തമായ മഞ്ഞ് കാണാനും സ്പര്‍ഷിക്കാനുമുള്ള അതിയായ അഭിലാഷം ട്രക്കിങ്ങിന്  കൂടുതല്‍ ആവേഷമാക്കി. നേരത്തെ, ഹൈദരാബാദിലെ സ്‌നോവേള്‍ഡിലെ ആര്‍ട്ടിഫിഷ്യല്‍ മഞ്ഞനുഭവവും കൂടുതല്‍ ഹരമേകി. ജോളിയായി, തിങ്ങിനില്‍ക്കുന്ന പൈന്‍മരങ്ങളാലും ഫിര്‍മരങ്ങളാലുമുള്ള ഹരിതഭംഗിയിലൂടെ നടന്ന് നീങ്ങി.

വഴിയില്‍ നാല് അഞ്ച്  വീടുകള്‍ കാണാനിടയായി. വിചിത്രമായ വീടുകള്‍. മണ്‍കട്ടയും മരങ്ങളും കൊണ്ടുള്ള ഭിത്തിയും പുല്ലുകള്‍ നിറച്ചുണ്ടാക്കിയ മേല്‍ക്കൂരയുമാണവയ്ക്ക്. ഞങ്ങളെ കണ്ടയുടന്‍, അവിടെയുണ്ടായിരുന്ന ഉമറും മുഖ്താറും അടുത്തേക്ക് വന്നു. അവര്‍ കാശ്മീരി മിക്‌സ് ചെയ്തായിരുന്നു സംസാരിച്ചിരുന്നുവെങ്കിലും അറിയുന്ന ഉറുദുവും വെച്ച് വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവരുടെ യഥാര്‍ത്ഥ വീട് ബഡ്ഗാമിലാണത്രെ. വേനലായതിനാല്‍ സ്‌കൂള്‍ അവധിയാണെന്നും ഇവിടേക്ക് താല്‍ക്കാലികമായി താമസിക്കാന്‍ വന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശേഷം അവരോട് യാത്ര പറഞ്ഞ് മുന്നോട്ട് ഗമിച്ചു. ക്ഷീണവും വെയിലും കുത്തനെയുള്ള കയറ്റവുമൊക്കെ അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു. ഊര്‍ജമേകാന്‍ മലകള്‍ക്കിടയിലൂടെ ഹിമവാനില്‍ നിന്നും ഒഴുകിയെത്തുന്ന ശുദ്ധ ജലം കയ്യില്‍ കോരിയെടുത്ത് മുഖം കഴുകാന്‍ ശ്രമിച്ചു.

രക്തം പോലും ഉറഞ്ഞുപോയേക്കാവുന്ന കൊടും തണുപ്പ് ശ്രമത്തെ വിഫലമാക്കി. ഒടുവില്‍ ശമ്മാസും തന്‍വീറും ശൗക്കത്ത് ഭായിയും വഴിക്കിട്ട് സാഹസത്തില്‍ നിന്ന് പിന്മാറി. അപ്പോഴും എനിക്കും അസ്‌ലമിനും ഉച്ചിയിലെത്താനും മഞ്ഞുകട്ടകള്‍ കയ്യിലെടുത്ത് രസിക്കാനുമുള്ള തിടുക്കത്തിനൊരു കുറവുമില്ലായിരുന്നു. ലക്ഷ്യം അടുത്തെത്തിയെന്ന് തോന്നിക്കുന്നുണ്ടെങ്കിലും കയറും തോറും ഇനിയും ധാരാളം താണ്ടാനുണ്ടെന്ന് തിരിച്ചറിഞ്ഞു. തളര്‍ച്ചയും കാല്‍ വേദനയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വന്‍ പാറകള്‍ ഞങ്ങള്‍ കയറി.

വഴിമധ്യേ ആഷിഖ് ഖാന്‍ എന്ന് പേരുള്ള ഒരു ആട്ടിടയനെ പരിചയപ്പെട്ടു. ചുവന്നു തുടുത്ത മുഖം അയാളുടെ സാധുത്വം പ്രകടമാക്കുന്നുണ്ട്. അയാള്‍ തന്റെ അനുഭവങ്ങള്‍ നിരത്തി വാചാലനായി. നാലായിരത്തോളം വരുന്ന തന്റെ ആട്ടിന്‍ പറ്റത്തെ മേച്ച് ദിനരാത്രങ്ങള്‍ എണ്ണിതീര്‍ക്കുന്ന അദ്ദേഹത്തിന്റെ ഏകാന്തത എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. കൂടെ ഓടിയും ചാടിയും ഒരുവേട്ടനായയുമുണ്ട്. ഒടുവില്‍  രണ്ട് മണിക്കൂറോളം എടുത്ത്  അഞ്ച് കിലോമീറ്ററോളം താണ്ടി പ്രകൃതിദത്തമായ തെളിഞ്ഞ ധവള നിറത്തിലുള്ള മഞ്ഞിന്റെ കുളിരണിഞ്ഞു. കടുത്ത ചൂടില്‍ വൃതത്തോട് കൂടിയായതിനാല്‍ ഞങ്ങള്‍ക്ക് ഒരു എവറസ്റ്റ് കീഴടക്കിയ പ്രതീതി ഉണ്ടായിരുന്നു. കയ്യിലെടുത്ത മഞ്ഞുകള്‍ ശരീരത്തെ മരവിപ്പിക്കുന്നുണ്ടോയെന്ന് തോന്നി.

അവിടെ നിന്നുള്ള കാഴ്ചകള്‍ വിവരണാതീതമാണ്‌. കണ്ണെത്താ ദൂരത്ത്, പൈന്‍ മരങ്ങളാള്‍ നിറഞ്ഞ വന്‍മലനിരകളും അതിനു മുകളില്‍ ഉയര്‍ന്ന് പൊങ്ങുന്ന കോടകളും, ആകാശവുമായുള്ള അകലം കുറക്കുന്നു. വേനല്‍ക്കാലത്ത്, അതും നട്ടുച്ചയ്ക്ക് ഈയൊരു ചുറ്റുപാടാണെങ്കില്‍ ശൈത്യകാലത്തുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍പോലും അസാധ്യം. സമയം അതിക്രമിച്ചതിനാല്‍ പെട്ടെന്ന് തന്നെ കണ്ടമാനം സെല്‍ഫികള്‍ എടുത്ത് മടങ്ങാന്‍ മുതിര്‍ന്നു. മറക്കാനാവാത്ത കാഴ്ചകളുടെ സൗന്ദര്യം എത്രത്തോളം ക്യാമറയിലാക്കാന്‍ കഴിഞ്ഞുവെന്ന് അറിയില്ല. സ്വപ്‌ന തുല്യമായ രംഗങ്ങള്‍ മനസ്സിന്റെ ആഴത്തില്‍ പതിഞ്ഞു. ഓര്‍ക്കുമ്പോള്‍ മനസ്സ് കുളിരണിയുകയാണ്. അങ്ങനെ മനസ്സില്ലാ മനസ്സോടെ എങ്ങനെയൊക്കെയോ അനുഭവങ്ങളെ കടിച്ചിറക്കി താഴേക്ക് ലക്ഷ്യം വെച്ചു. കയറുന്നതിനേക്കാള്‍ പ്രയാസം ഇറങ്ങാനായിരുന്നു. ചെങ്കുത്തായ ചെരിവ്, വഴുതി നിയന്ത്രണം വിട്ട് താഴേക്ക് പോകുന്നതിനെ നിരന്തരം ഓര്‍മ്മപ്പെടുത്തിയിരുന്നു. താഴ്‌വരയുടെ മധ്യത്തിലുള്ള ‘കോങ്ങ്‌ഡോരി’ എന്ന സ്‌പോട്ടില്‍, നേരത്തെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവിടന്നങ്ങോട്ട് കുതിരസവാരിക്ക് ശ്രമം നടത്തിയെങ്കിലും, ഞങ്ങളുടെ ബഡ്ജറ്റിന് താങ്ങാന്‍ കഴിയാത്ത അമൗണ്ട് അതില്‍ നിന്ന് പിന്തിരിപ്പിച്ചു.

വന്യമായ പ്രകൃതി ഭംഗിയില്‍ അലിഞ്ഞ് പോകുമ്പോഴും വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പരമാവധി പെട്ടെന്ന് എത്താന്‍ കുതിച്ചു.  അന്നത്തെ സായാഹ്നം അവിടെ തീര്‍ത്തു. സുഹൃത്ത് ഷൗക്കത്ത് ഭായിയുടെ വീട് ലക്ഷ്യമാക്കി. വഴിയില്‍ വെച്ച് കാശ്മീരി സ്‌പെഷ്യല്‍ സ്‌നാക്ക്‌സ് രുചിച്ച് നോമ്പു തുറക്കാന്‍ അദ്ദേഹം അവസരം ഒരുക്കി.

പിറ്റേദിവസം യാദൃശ്ചികമായി പെരുന്നാള്‍ ദിനമായി. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ശ്രീനഗര്‍ ലക്ഷ്യമാക്കി. വഴിയോരങ്ങളിലൊക്കെ കുട്ടികള്‍ പെരുന്നാള്‍ സുദിനം പടക്കം പൊട്ടിച്ചും മറ്റും ഉല്ലസിക്കുന്നുണ്ട്. കുടുംബ വീടുകളിലൊക്കെ പോയി സന്തോഷം പങ്കിടുന്നതും കുട്ടികള്‍ തന്നെയായിരിക്കും. കാശ്മീര്‍ നഗര മധ്യത്തില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന പ്രഗത്ഭ തീര്‍ത്ഥാടന കേന്ദ്രമായ മഖ്ദൂമി മഖാമിലേക്ക് മുന്നിട്ടു. റോപ് വേ ഉണ്ടെങ്കിലും വലിയ സ്റ്റെപ്പുകള്‍ കീഴടക്കി ഉയരത്തിലുള്ള ദര്‍ഗയിലേക്ക് നീങ്ങി. വഴികള്‍ക്ക് ഇരുവശമായി കൊച്ചുകടകളില്‍ വഴിവാണിഭക്കാര്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നുണ്ട്. വില്‍പന വസ്തുക്കള്‍ വൃത്തിയിലും ആകര്‍ഷണീയമായ രൂപത്തിലും ഒരുക്കി വെച്ചിരിക്കുന്നു. കല്ലിലും വെള്ളിയിലും തീര്‍ത്ത മോതിരങ്ങള്‍, പലരൂപത്തിലും വലിപ്പത്തിലും വ്യതസ്തങ്ങളായ നിറക്കൂട്ടില്‍ തയ്യാറാക്കിയ കാലിഗ്രാഫികള്‍, ചെറുതും വലുതുമായ വിവിധതരം കളിപ്പാട്ടങ്ങള്‍, പലതരത്തിലുള്ള മധുരപലഹാരങ്ങള്‍ തുടങ്ങിയ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന വസ്തുക്കള്‍ സുലഭമാണവിടെ. കച്ചവടക്കാര്‍ ഉയര്‍ന്ന വിലപറയലും ഉപഭോക്താക്കള്‍ വിലപേശി അത് പരമാവധി വിലകുറച്ച് വാങ്ങാനും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അവിടെയുള്ള വ്യൂപോയിന്റില്‍ നിന്നും നോക്കിയാള്‍  ശ്രീനഗര്‍ നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും കാണാം.

കാശ്മീര്‍ ജമാമസ്ജിദ് അടക്കമുള്ള പള്ളികളുടെ മിനാരങ്ങള്‍, മേല്‍ക്കൂര കോണുകളായിട്ടുള്ള അടുത്തടുത്ത് കിടക്കുന്ന കെട്ടിടങ്ങളും വീടുകളും, ഇരുവശങ്ങളിലെയും അധിനിവേശ പാകിസ്താനടുത്ത് കിടക്കുന്ന മലനിരകള്‍… ചുരുക്കിപ്പറഞ്ഞാല്‍ അവിടുന്ന് കണ്ണെടുക്കാന്‍ പ്രയാസം. അത്ര ദൃശ്യ സുന്ദരമാണാക്കാഴ്ചകള്‍. ശേഷം നഗരമധ്യത്തില്‍ നിലകൊള്ളുന്ന അവിടുത്തെ ഏറ്റവും വലിയ മസ്ജിദായ കാശ്മീര്‍ ജമാമസ്ജിദും ചുറ്റിക്കറങ്ങി. മുഖ്യമന്ത്രിയുടെ വസതിയും പ്രളയബാധിത സ്ഥലവും ഡ്രൈവര്‍ കാണിച്ച് തന്നു.

‘ശ്രീനഗറിന്റെ രത്‌ന’മെന്ന് വിശേഷിപ്പിക്കുന്ന ‘ദാല്‍ ലേക്ക്’ കാശ്മീരിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കേന്ദ്രമാണ്. വലിയ തടാകം എന്ന് തന്നെ പറയാം. അതിന് ചുറ്റും റോഡിനാല്‍ ചുറ്റപ്പെട്ടിട്ടുണ്ട്. ഇതാണ് കാശ്മീരിന്റെ ഹൃദയം. ‘ദാല്‍ ലേക്ക്’ കാണാതെ കാശ്മീരിനെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ല. പെരുന്നാളായതിനാല്‍ ജനനിബിഡമായിരുന്നവിടെ. ആഘോഷ വേളകളിലും പെരുന്നാള്‍ ദിനങ്ങളിലും ഇത്തരത്തിലുള്ള പാര്‍ക്കുകളില്‍ ചെലവഴിക്കാന്‍ കാശ്മീരികള്‍ പ്രത്യേകം സമയം കണ്ടെത്താറുണ്ട്.

വിവിധതരം ചെടികളും വര്‍ണാഭങ്ങളായ പൂവുകളും ഭംഗിയില്‍  സജ്ജീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളും പ്രശാന്തമായ തടാകങ്ങളുമൊക്കെ സഞ്ചാരികളെ വശീകരിക്കുന്നു. ‘ദാല്‍ ലേക്കി’ലൂടെയുള്ള ‘ശിഖാര’ റൈഡ്, ഭൂമിയിലെ സ്വര്‍ഗത്തിലൂടെയുള്ള യാത്രയാണെന്നാണ് കാശ്മീരികള്‍ വിശേഷിപ്പിക്കുന്നത്. കണ്ണാടിപോലെയുള്ള ജലപ്രതലം ശിഖാരകളുടെ മരം കൊണ്ടുള്ള മേല്‍ക്കൂരയെ പ്രതിഫലിപ്പിക്കുന്നുണ്ട്. സീസണ്‍ അല്ലാത്തതിനാലും ജലനിരപ്പ് താഴെയായിരുന്നതിനാലും ബോട്ടിങ്ങിന് ആളുകള്‍ പൊതുവെ കുറവായിരുന്നു. വൂളാര്‍ തടാകത്തിന് ശേഷം കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമായ ‘ദാല്‍ ലേക്കി’നെയും പിറകിലെ ഹരിതഭംഗിയെയും പാശ്ചാത്തലമാക്കി ഞങ്ങളുടെ ചിത്രം ക്യാമറയില്‍ ഒപ്പിയെടുക്കാനും മറന്നില്ല.

അവിടെ നിന്ന് ഞങ്ങള്‍ ‘ദാല്‍ ലേക്കി’നോട് ചേര്‍ന്ന് കിടക്കുന്ന ഷാലിമാര്‍ ബാഗിലേക്ക് യാത്ര തിരിച്ചു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍, ഭാര്യ നൂര്‍ജഹാന് വേണ്ടി 1619ല്‍ നിര്‍മിച്ചതാണിതെന്ന് ശൈഖ് ഗൂഗിളിനോട് ചോദിച്ചു മനസ്സിലാക്കി. മുപ്പത്തൊന്ന് ഏക്കറിലുള്ള ഈ പൂന്തോട്ടം, ഫറാ ബക്ഷ് (delightful), ഫൈസ് ബക്ഷ്(bountifun), നിഷാത്ത് ബാഗ് എന്നീപ്പേരുകളിലും അറിയപ്പെടുന്നു. പിറകില്‍ കാണുന്ന വന്‍ മലനിരകള്‍ക്കപ്പുറം പാക്കിസ്ഥാനാണത്രെ. പൂന്തോട്ടവും ഇരിപ്പിടങ്ങളും ഭംഗിയില്‍ സംവിധാനിച്ച് അലങ്കരിച്ചിരിക്കുന്നു. പലരൂപത്തിലും വലുപ്പത്തിലും കട്ട് ചെയ്തുണ്ടാക്കിയ ചെടികളുടെ ആര്‍ട്ടിഫിഷ്യല്‍ സൗന്ദര്യം, ചുറ്റുമുള്ള വന്യമായ പ്രകൃതിയുടെ മോടി ഒന്നുകൂടി കൂട്ടുന്നു. പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഹറുവാന്‍ മലനിരകളില്‍ നിന്ന് ഒഴുകി വരുന്ന അരുവി വെയിലേറ്റ് തിളങ്ങുന്നുണ്ട്. അറേബ്യന്‍ സ്‌റ്റൈലില്‍ ഡ്രസ്സ് ധരിച്ച ഞങ്ങള്‍ ഒന്നിച്ച് പോസ്സ് ചെയ്യാന്‍ ഒട്ടനവധിപേര്‍ നമ്മെ സമീപിച്ചു. കേരളത്തില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍, ദൈവത്തിന്റെ സ്വന്തം നാടിനെപറ്റി ഏറെ മതിപ്പോടെയാണ് എല്ലാവരും സംസാരിച്ചത്.

വിശ്രമിക്കാന്‍ ഏറ്റവും ഉത്തമമായ ആ തോട്ടത്തിന്റെ ഒരു വശത്തിരുന്ന്, സുഹൃത്ത് മുജീബ് ഭായ് കാശ്മീരിന്റെ ഉറങ്ങികിടക്കുന്ന ചരിത്രസംഭവങ്ങള്‍ ഞങ്ങള്‍ക്ക് വിവരിച്ച് തന്നു. ഇന്ത്യന്‍ യൂണിയനിലേക്ക് സന്തോഷത്തോടെ വരികയും ശേഷം ‘ഇന്ത്യയുടെ പൂന്തോട്ട’മെന്ന അപരനാമത്തില്‍ അറിയപ്പെടുകയും ചെയ്ത കാശ്മീര്‍, പിന്നീട് ഇന്ത്യയില്‍ നിന്ന അടര്‍ന്നു പോകാന്‍ ശ്രമിക്കുന്നതിന്റെയും ‘ഇന്ത്യയുടെ രോഗി’യായി രൂപാന്തരപ്പെടാനുമുള്ള പശ്ചാത്തലങ്ങളും അദ്ദേഹം വിവരിച്ച് തന്നു. സ്വന്തമായ ഭരണഘടനയും പതാകയുമുണ്ടിന്ന് കാശ്മീരിന്. സമയ പരിമിധികാരണം വിശാലമായ യാത്ര പിന്നീടാവാമെന്ന ധാരണയില്‍ മനസ്സില്ലാ മനസ്സോടെയായിരിന്നു വേനല്‍ക്കാല തലസ്ഥാന നഗരിയായ ശ്രീനഗറില്‍ നിന്ന് തിരിച്ച് പോന്നത്. ബ്ലോക്കില്‍ കുടുങ്ങിയതിന്റെ ഫലമായി, ‘ദാല്‍ ലേക്കി’ന്റെ പശ്ചാത്തലത്തില്‍ ചുവന്ന നിറത്തില്‍ ചക്രവാളത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വശ്യസുന്ദരമായ സൂര്യന്റെ ചിത്രം ദൃഷ്ടിയില്‍ പതിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *