മൂല്യം മരിക്കുന്ന കാലത്തെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ചിന്തകൾ

By Badrudheen El Farthwavi

badru3796gmail.com

1990 കളുടെ  തുടക്കംമുതൽ പുരോഗമനപരമായ ചർച്ചായിടങ്ങളിൽ  കൂടുതലായും വ്യവഹരിക്കപ്പെട്ട പദമാണ് വിദ്യാഭ്യാസം. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമസഭകളുടെയും ഉച്ചകോടികളുടെയും അന്തരീക്ഷങ്ങളെ നിറഞ്ഞു നിന്നിരുന്നു. UNESCO, UNICEF തുടങ്ങിയ അന്തർദേശീയ സംഘടനകൾ മുതൽ വ്യത്യസ്ത ചിന്തകരും കമ്മീഷനുകളും എന്തിനധികം ഗ്രാമാന്തരങ്ങളിലെ ചെറുകിട ക്ലബ്ബുകൾ വരെ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ ലക്ഷ്യപ്രാപ്തിയെയുമാണ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. അഭ്യസ്ത വിദ്യരെന്നോ വിദ്യാസമ്പന്നരെന്നോ വിശേഷിപ്പിക്കപ്പെടുന്ന ആധുനിക സമൂഹത്തിൽ പെരുകി വരുന്ന ധാർമികച്യുതിയും മൂല്യരാഹിത്യവും മാനവികതയുടെ നിരാസവുമൊക്കെയാണ് ഈ ചൂടുപിടിച്ച ചർച്ചകൾക്ക് ഹേതുവായിത്തീരുന്നത്. അതേസമയം കേരളത്തിലെ വിദ്യാഭാസ മണ്ഡലങ്ങളിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതു കേവല വിദ്യാഭാസത്തെയല്ല. മറിച്ച് ഗുണമേന്മാ വിദ്യാഭാസത്തെ കുറിച്ചാണ്.  യഥാർത്ഥത്തിൽ ‘ഗുണമേന്മാ വിദ്യാഭാസം’ എന്ന പദം വിദ്യാഭാസത്തെ ലളിതവൽക്കരിക്കുകയും തരംതാഴ്ത്തുകയുമാണ് ചെയ്യുന്നത്.  അഥവാ ഗുണമേന്മ വിദ്യാഭാസം എന്നതിനുപകരം മൂല്യാധിഷ്ഠിത വിദ്യാഭാസ സാധ്യതകളെ കുറിച്ചാണ് നാം ചിന്തി ക്കേണ്ടതും ചർച്ച ചെയ്യേണ്ടതും.

മൂല്യാധിഷ്ഠിത വിദ്യഭാസം മാനവികതയുടെ സത്ത

എന്താണ് മൂല്യങ്ങൾ എന്ന ചോദ്യത്തിനു ലളിതമായി ഇങ്ങനെ പറയാം, “മനുഷ്യൻ ജീവിതത്തിൽ എങ്ങനെ പെരുമാറണം,  എങ്ങനെ പാടില്ല,  എന്നിവയെക്കുറിച്ചുള്ള ബോധവും അത് പ്രകടമാക്കുന്നതുമായ മൗലികമായ ആചാരങ്ങളാണ് മൂല്യങ്ങൾ.” മറ്റൊരർത്ഥത്തിൽ, ജഡിക ലോക ജീവിതത്തിൽ ആത്മഭാവം എത്തിപ്പിടിക്കാനുള്ള കഴിവാണ് മൂല്യങ്ങളിലൂടെ ഒരാൾ സ്വായത്തമാക്കുന്നത്.  ഭാരത സംസകാരം പഞ്ച മൂല്യങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.  ആദരണം, അനുസരണം, അച്ചടക്കം, അംഗീകാരം, അനുഭാവം തുടങ്ങിയവയാണവ.  മുതിർന്നവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത്‌ നമ്മുടെ സദാചാര മൂല്യങ്ങളുടെ അടിസ്ഥാന ഘടകമാണ്. ‘അച്ചടക്കമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്’ എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് ഇവിടെ സ്മരണാർഹമാണ്.

Subhash Chandra Bose

മനുഷ്യ സമൂഹത്തിന്റെ സുഗമമായ വളർച്ചയ്ക്കും നിലനിൽപ്പിനും പാരസ്പര്യത്തിനും അനിവാര്യമായ സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ ശാശ്വത  ഗുണങ്ങൾ പഠിപ്പിച്ചും പരിശീലിപ്പിച്ചു സ്വബോധമുള്ള മനുഷ്യകുലത്തെയാണ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത്. ആർജിത ജ്ഞാനത്തിലൂടെ സ്വന്തത്തെയും സഹജീവികളെയും പ്രകൃതിയെയും പ്രപഞ്ചത്തെയും അറിയുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകത. തീർച്ചയായും അറിവ് മനുഷ്യനെ സംസ്കരിച്ചെടുക്കും. പ്രശസ്ത ചിന്തകൻ ബർണാഡ് ഷാ വിദ്യാഭ്യാസത്തെ വിവരിക്കുന്നത്, ഒരു കൊച്ചു കാട്ടാളനെ മനുഷ്യനായി പരിവർത്തിപ്പിക്കുന്ന പ്രക്രിയയായാണ്. വിദ്യ കൊണ്ട് ശക്തരാകാൻ ശ്രീനാരായണഗുരുവും മറുവശത്ത് ആഹ്വാനം ചെയ്യുന്നതായി കാണാം. അതായത് വിദ്യയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് വിദ്യയില്ലെങ്കിൽ മനുഷ്യനും മൃഗവും തുല്യമെന്നർത്ഥം.

George Bernard Shaw

വിദ്യാഭ്യാസ രീതിയെ കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഡോക്ടർ എം എസ് ഗോമതിയമ്മൾ നിരീക്ഷിച്ചത് ഇങ്ങനെയാണ്; “വിദ്യാഭ്യാസം അറിഞ്ഞുകൂടാത്ത ചില കാര്യങ്ങൾ മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുകയല്ല, മറിച്ച് അത് ഒരാളുടെ വ്യക്തിത്വത്തെ ഉടച്ചുവാർക്കുകയാണ്.”

DR. M.S. GOMATHY AMMAL

നന്മതിന്മകളെ വിവേചിച്ചറിയാനും  വിലയിരുത്താനുമുള്ള കഴിവ് വർധിക്കുന്നതിലൂടെ വ്യക്തിയുടെ സാന്മാർഗിക ബോധം തേച്ചുമിനുക്കപ്പെടുന്നു. സ്വഭാവരൂപീകരണത്തിന് അടിത്തറ പാകപ്പെടുന്നു. വിദ്യാഭാസം പരിശീലനമാണ്. സമൂഹത്തിൽ എപ്രകാരം പൗരബോധത്തോടെ പെരുമാറണമെന്ന്  അത് പരിചയപ്പെടുത്തുന്നു. അതേസമയം വിദ്യാഭാസം മാർഗ്ഗനിർദ്ദേശങ്ങളുമാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവും സാമൂഹികവുമായ എല്ലാ വശങ്ങളിലൂടെയുമുള്ള സമഗ്രമായ വളർച്ചയാണ് വിദ്യഭാസം.

Sri Narayana Guru

ഇസ്ലാം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ പോഷിപ്പിച്ചെടുത്ത വിധം

മനുഷ്യ നന്മക്കായി ഉടലെടുത്ത ലോകത്തിലെ എല്ലാ ദർശനങ്ങളും ഇസങ്ങളും വിജ്ഞാനസമ്പാദനത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞിട്ടുണ്ട്. വിദ്യാഭാസത്തെ കുറിച്ച് ഇസ്ലാമിന്റെ വീക്ഷണം, അതിന്റെ പ്രപഞ്ച വീക്ഷണവുമായി ബന്ധപ്പെട്ടതാണ്. മനുഷ്യനടക്കമുള്ള അഖില പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനും അല്ലാഹുവാണ്. അവന്റെ പ്രതിനിധിയാണ് മനുഷ്യർ. ആയതിനാൽ ഈ പ്രപഞ്ചത്തെ കുറിച്ച് അവൻ ശരിക്കും അറിയുകയും പ്രപഞ്ചതിനനുസൃതമായ ജീവിതം നയിക്കുകയും വേണം. ലോകത്തിനു പ്രകാശമായി അവതീർണ്ണമായ വിശുദ്ധ ഖുർആൻ ആരംഭിക്കുന്നത് തന്നെ വായിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണല്ലോ. വിജ്ഞാനം സത്യവിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണെന്നും എവിടെ കണ്ടാലും അതിനെ അവൻ നുകർന്നെടുക്കണമെന്നുമുള്ള പ്രവാചക പാഠങ്ങൾ വിജ്ഞാനസമ്പാദനത്തിലും അതിനെ പരിപോഷിപ്പിക്കുന്നതിലും ഇസ്ലാം പുലർത്തുന്ന വീക്ഷണം കൂടുതൽ വ്യക്തമാക്കിത്തരുന്നു.

മധ്യ നൂറ്റാണ്ടിന്റെ അന്ധകാരങ്ങളിലേക്കു അറിവിന്റെ വെളിച്ചവുമായി കടന്നുവന്നത് ഇസ്ലാമിക സമൂഹമായിരുന്നു. അതിനവർക്ക് ഉദ്ദീപനോർജ്ജമായി വർത്തിച്ചത് ഖുർആൻ തന്നെയായിരുന്നു. ശാസ്ത്രീയവും ആത്മീയവുമായ വിഷയങ്ങളിൽ അന്നോളം ദർശിച്ചിട്ടില്ലാത്ത വിപ്ലവങ്ങൾക്കായിരുന്നു അവർ തിരികൊളുത്തിയത്. അതിന്റെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്തിയാണ് പിൽക്കാലത്ത്  ശാസ്ത്ര സാങ്കേതിക രംഗത്തും മറ്റും ബൃഹത്തായ ജ്ഞാന ശക്തിയായി മാറാൻ യൂറോപ്പിന് സാധ്യമായത്.  ഇവിടെ അറബികളുടെ അസൂയാവഹമായ വളർച്ചയ്ക്ക് നിമിത്തമായത് അടിസ്ഥാനപരാമായ മാനുഷിക മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് അതിൽ നിന്നു തെന്നിമാറാതെ ഭൗതികതയുടെ നേട്ടങ്ങളെ എത്തിപ്പിടിച്ചതാണ്.
എന്തിരുന്നാലും സ്നേഹം, ദയ, കാരുണ്യം, പരിഗണന, ഗുണകാംക്ഷ, പ്രകൃതിസ്നേഹം തുടങ്ങിയ അടിസ്ഥാന മാനവിക മൂല്യങ്ങളിൽ നിന്നു കൊണ്ടായിരിക്കണം പഠനത്തെയും പര്യവേക്ഷണത്തെയും മുന്നോട്ടു കൊണ്ടുപോകേണ്ടത്. മനുഷ്യനാണ് ലോകത്തെ നയിക്കുന്നത്. അവനെയും അവൻ ജീവിക്കുന്ന പ്രകൃതിയെയും അതിലെ അവന്റെ സഹജീവികളെയും അടുത്തറിഞ്ഞുള്ള സ്നേഹത്തിൽ നിന്നും ഉൾതിരിയുന്ന പര്യവേക്ഷണങ്ങൾ നൽകുന്ന ഫലങ്ങളാണ് ലോകത്തിനു ആവശ്യമുള്ളതും അനിവാര്യമായതും.

പാശ്ചാത്യ വിദ്യാഭാസമുയർത്തുന്ന ചോദ്യങ്ങളും മൂല്യരാഹിത്യങ്ങളും

ആധുനിക വിദ്യാഭ്യാസ വ്യവസ്ഥയുടെ അടിത്തറ തികഞ്ഞ ഭൗതികതയിൽ അധിഷ്ടിതമാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദവും മുതലാളിത്തവും മനുഷ്യനെ കേവലം സാമ്പത്തിക ജീവിയായാണ് കണക്കാക്കുന്നത്. തീർച്ചയായും സാമ്പത്തിക നേട്ടമാണ് അവന്റെ ആത്യന്തിക ലക്ഷ്യം. അവിടെ മാനവികതയോ സഹാനുഭൂതിയോ മറ്റേതെങ്കിലും മാനുഷിക മൂല്യങ്ങളോ പരിഗണിക്കപ്പെടുന്നില്ല. സാമ്പത്തിക നേട്ടമുണ്ടാക്കാത്തതൊന്നും നിലനില്പിനർഹമല്ല എന്ന ചിന്താഗതിയിലേക്കാണ് അവർ പോയിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, പ്രകൃതിയെയും മനുഷ്യരെയും മറ്റിതര പൊതുവിഭവങ്ങളെയും തന്റെ ലാഭത്തിനായി ചൂഷണം ചെയ്യുന്ന മുതലാളിത്ത രീതി ഒരു സംസ്കരമായി അനുസ്യൂതം വളർന്നു കൊണ്ടിരിക്കുകയാണ്‌. അവിടെ കുടുംബ ബന്ധങ്ങൾക്കോ സഹജീവികളോടുള്ള കടമകൾക്കോ ഉത്തരവാദിത്തങ്ങൾക്കോ യാതൊരു പ്രസക്തിയുമില്ലാതാവുന്നു. നീതിയും സത്യവും അപ്രിയങ്ങളായി മാറുന്നു.  ശക്തിക്കും വ്യക്തിക്കും അനുസരിച്ചാണ് ശരിയും തെറ്റും നിർവ്വചിക്കപ്പെടുന്നത്. മുമ്പൊക്കെ കളവു പറയാൻ എല്ലാവർക്കും ഭയമായിരുന്നു. എന്നല്ല അതിനെ അമാന്യതയുടെ ഗണത്തിൽ എണ്ണുകയും ചെയ്തിരുന്നു. പക്ഷെ, ഇന്ന് കളവുകൾക്കു മേൽ കളവുകൾ കെട്ടിപ്പടുത്ത് വലിയ യുദ്ധങ്ങളും കൂട്ടക്കുരുതികളും പോലും സൃഷ്ടിക്കപ്പെടുകയാണ്.

പൂർണ്ണമായും ജഡിക ലോക താൽപര്യത്തിലധിഷ്ടിതമായ പാശ്ചാത്യ നാഗരികതയാണ് ലോകത്തെ ഇന്ന് നയിക്കുന്നത്. ഈ വ്യവസ്ഥതി ദൈവിക നാഗരികതയിലുള്ള അടിസ്ഥാന ഘടകങ്ങളായ കരുണ, സ്നേഹം, ദൈവഭയം, ഭക്തി, ധാർമികത, സത്യസന്ധത, വിശ്വസ്തത, വിശുദ്ധി, സൽസ്വഭാവം എന്നിവയിൽ നിന്നും പൂർണ്ണമായും മുക്തമാണ്. കാരണം അതിന്റെ ആശയസംഹിത ദൈവികത്വതിന് നേർവിപരീതമാണല്ലോ. മാത്രമല്ല, അത് ദിവ്യദർശനങ്ങളുടെ അടിസ്ഥാനമായ സാംസ്കാരിക ധാർമിക സങ്കല്പങ്ങളുടെ വേരുകളെ പിഴുതെറിയാനാണ് ആഹ്വാനം നടത്തുന്നത്. ദൈവിക നാഗരികതയുടെ ഘടനയ്ക്ക് പൊരുത്തപ്പെടാത്തതും ഇണങ്ങാത്തതുമായ രൂപത്തിലാണ് അത് വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വഭാവ സവിശേഷതകൾക്ക് രൂപം നൽകുന്നത്.

ഭൗതിക മുന്നേറ്റം മനുഷ്യനെ ആഡംബരങ്ങളിലേക്കു നയിക്കുമ്പോൾ, ആത്മീയ പുരോഗതി മനുഷ്യനെ മൂല്യങ്ങളിലേക്കാണ് നയിക്കുന്നത്. ഇവിടെയാണ് മതം കൂടാതെയുള്ള പുരോഗതി മുടന്തനാണെന്ന എയിൻസ്റ്റീനിന്റെ നിലപാട് പ്രസക്തമാകുന്നതും. യഥാർത്ഥത്തിൽ മതപരം, ഭൗതികം എന്നിങ്ങനെ വിദ്യാഭ്യാസത്തെ തരംതിരിക്കാൻ കഴിയില്ല. എന്ന് പറഞ്ഞാൽ ലബോറട്ടറിയിൽ നടക്കുന്ന പഠന പരീക്ഷണ പ്രക്രിയയും പള്ളിയിൽ നടക്കുന്ന പ്രാർത്ഥനയും ഒരേ സമയം ദൈവാരാധനയും പുരോഗതിയിലേക്കുള്ള നൈസർഗ്ഗികമായ കുതിപ്പുമാണ്. മനുഷ്യ ജീവിതത്തെ ഭൗതിക മെന്നും ആത്മീയമെന്നും രണ്ടായി പകുത്തു വേർപെടുത്തിയത് പതിനാറാം നൂറ്റണ്ടിലെ യൂറോപ്യൻ നവോത്ഥാനത്തിലാണെന്നു ചരിത്ര വേരുകളിലേക്കു ആഴ്ന്നിറങ്ങിയാൽ കണ്ടെത്താൻ സാധിക്കും.  അതിനു മുമ്പ് വിജ്ഞാനം അതിരുകളില്ലാത്ത വിതാനങ്ങളിൽ മനുഷ്യന്റെ സർവസ്വങ്ങളിലും സഞ്ചരിച്ചു. ഭൂമിയിലുള്ള എല്ലാ ലോഹങ്ങളും ഗന്ധകത്തിന്റെയും രസത്തിന്റെയും വ്യത്യസ്ത അനുപാതത്തിലുള്ള മിശ്രിതങ്ങളാലാണെന്നു ലോകത്തിനു പഠിപ്പിച്ചു കൊടുത്ത ഒമ്പതാം നൂറ്റാണ്ടിലെ അറേബ്യൻ രസതന്ത്ര വിദഗ്ദ്ധനായിരുന്ന ജാബിർ ബ്നു ഹയ്യാനും, ഒരു കാലത്ത് യൂറോപ്യൻ വൈദ്യശാസ്ത്രത്തിൽ പ്രാമാണിക ഗ്രന്ഥാമായി അംഗീകരിച്ച ‘കാനന് ഓഫ് മെഡിസിൻ’ന്റെ രചയിതാവായ ഇബ്നു സീനയും, ആദ്യമായി ക്ലാസ്സിക്കൽ ഫിലോസഫിയെ യുക്തിചിന്തയിൽ സന്നിവേശിപ്പിച്ച മുസ്ലിം സ്പെയിനിൽ നിന്നുള്ള തത്വചിന്തകനായ ഇബ്നു റുഷ്ദുമെല്ലാം ഒരേ സമയം പുരോഹിതർ കൂടിയായിരുന്നു.

Ibn Sina (Avicenna)

അപ്രകാരം തന്നെ ഭാരതീയ മുൻഗാമികൾ സ്വർണ്ണ സൂചികൊണ്ട് ശസ്ത്രക്രിയ നടത്തിയപ്പോഴും ഒരേ വേളയിൽ സന്യാസിമാരും ശാസ്ത്രജ്ഞരുമായിരുന്നു.

Ibn Rushd (Avirroes)

തീർച്ചയായും മനുഷ്യനും പ്രകൃതിക്കും ഗുണകരമായ പുരോഗതിയും വികസനവുമായിരുന്നു അവരൊക്കെ വിഭാവനം ചെയ്തിരുന്നത്.

Jabir bin Hayyan

വിദ്യാഭാസത്തിന്റെ കുതിച്ചു ചാട്ടവും ധാർമികതയുടെ അധപതനവും

ഇന്ന് നമ്മുടെ ചർച്ചായിടങ്ങളിൽ സാമ്പത്തിക വളർച്ചയും സാമ്പത്തിക മാന്ദ്യങ്ങളും വലിയ തോതിൽ  ആലോചനകൾക്ക് വിധേയമാകുന്നുണ്ട്. ഇതൊക്കെ വിദഗ്ധരുടെ ഇടപെടൽ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. പണത്തിന്റെ മൂല്യത്തകർച്ചയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതിന് പകരം സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള മൂല്യത്തകർച്ചയാണ്  നാം ഗൗരവമായി ചിന്തിക്കേണ്ടത്‌. വാസ്തവത്തിൽ മനുഷ്യനെ മൂല്യവൽക്കരിക്കുകയും സംസ്കരിക്കുകയുമാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. എന്നാൽ നമ്മുടെ വിദ്യാഭ്യാസപ്രക്രിയകളുടെ വർത്തമാനം അങ്ങനെയാണോ? അത് അതിന്റെ ആദ്യാന്ത ലക്ഷ്യങ്ങളെ നിറവേറ്റുന്നുണ്ടോ? വാർധക്യ കാലത്തു മക്കൾ ഉപേക്ഷിച്ചു പോകുന്ന രക്ഷിതാക്കൾ ഒരു ഭാഗത്ത്. അശ്ലീല ദൃശ്യങ്ങൾ യഥേഷ്ടം കണ്ടുരസിക്കുന്ന യുവതലമുറ. മദ്യപാനം, മയക്കുമരുന്ന്, കള്ളക്കടത്തു തുടങ്ങിയവ വേറൊരു വഴിക്കും. ഇന്ന് ചില പത്രമാധ്യമങ്ങളിൽ കുറ്റക്രത്യങ്ങൾക്കായി പ്രത്യേക സെഷൻ തന്നെ ഒരുക്കിയിരിക്കുകയാണ്. എവിടേക്കാണ് സമൂഹം കുതിക്കുന്നത് ? ഏറ്റവും അഭ്യസ്തവിദ്യരെന്നു നാം കരുതുന്നവർ പോലും അവരുടെ ഔദ്യോഗിക സാമൂഹിക സാംസ്കാരിക വൈയക്തിക മേഖലകളിൽ മൂല്യച്യുതിയുടെ പര്യായങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് സാക്ഷരതയിൽ തലപ്പത്തിരിക്കുന്ന സാംസ്കാരിക കേരളത്തിന്റെ അവസ്ഥ തന്നെ ഈയൊരു വിരോധാഭാസത്തെ തുറന്നുകാണിച്ചുതരുന്നുണ്ട്. വിദ്യാഭ്യാസം, തൊഴിൽ സമ്പാദനത്തിനുള്ള ഒരു ഉപാധി മാത്രമായി ചുരുങ്ങിയിരിക്കുന്നു. വിദ്യാഭ്യാസമേഖലയിലും പ്രകടനപരത തഴച്ചു വളരുകയാണ്. ചിലർ തന്റെ പേരിനൊപ്പം ബിരുദങ്ങളും ബിരുദാനന്ത ബിരുദങ്ങളും കൂട്ടിച്ചേർത്തു ഗർവ് നടിക്കനുള്ള ഒരു മാർഗമായും വിദ്യാഭാസത്തെ കാണുന്നു. പണം വാരിയെറിഞ്ഞു സർട്ടിഫിക്കറ്റുകളും ബിരുദങ്ങളും കൈവശപ്പെടുത്തുന്ന ധനികരുടെ മക്കൾ ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന പഴമൊഴിയെ കൂടുതൽ ശരി വെക്കുന്നു. ചുരുക്കത്തിൽ  വിദ്യഭാസം ഭൗതിക നേട്ടങ്ങൾക്കു വേണ്ടി മാത്രമായി ഉപയുക്തമാക്കപ്പെടുന്നു. മനുഷ്യനും മനുഷ്യത്വവും മൂല്യങ്ങളുമെല്ലാം നാം മറന്നുപോയ ചില വാക്കുകളായി മാത്രം അവശേഷിച്ചു.

നിലവിലെ സെക്യൂലർ വിദ്യഭാസചട്ടക്കൂട്ടിൽ ധാർമികമൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന സമീപനങ്ങളാണ് കണ്ടുവരുന്നതെന്നു പറയാതിരിക്കാൻ വയ്യ. ഈയൊരു സാഹചര്യത്തിൽ പാഠ്യ പദ്ധതികളിൽ മൂല്യാധിഷ്ഠിത വിദ്യാഭാസത്തിനുതകുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തേണ്ടത് ഗൗരവമായി ചിന്തിക്കണമെന്ന് പരമോന്നത കോടതിയായ സുപ്രീം കോടതി ആവശ്യപെട്ടിരിക്കുകയാണ്.

മനുഷ്യന്റെ സ്വാഭാവ രൂപീകരണത്തിൽ വിദ്യാഭാസ പ്രക്രിയ വഹിക്കുന്ന പങ്കിനെ കുറിച്ചും അത് മൂല്യാധിഷ്ഠിത മായിരിക്കേണ്ടതിന്റെ പ്രാധ്യാനത്തെ കുറിച്ചും വിദ്യഭ്യസ വിചക്ഷണരും വിവേകശാലികളും വാചാലരായിട്ടുണ്ടെങ്കിലും കേവല വിദ്യാഭാസം മാത്രമുള്ള ഭരണാധികാരികൾ അതിനെ ഗൗരവത്തിലെടുക്കാൻ തുനിയുന്നില്ലയെന്നതു ഖേദകരമാണ്. മുമ്പ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പുരീതിയിലുള്ള വിദ്യാഭസം നൽകുന്നതോടൊപ്പം ധാർമിക വിദ്യഭാസവും നല്കിയിട്ടുണ്ടായിരുന്നുവത്രെ. അതിനായി വിവിധ മതസംഘടനകളും ആശ്രമങ്ങളും ഈ രംഗത്ത് സജീവമായിരുന്നു. എങ്കിലും അടിസ്ഥാനപരമായി തന്നെ വ്യത്യസ്ത അടിത്തറയിൽ പടുത്തുയർത്തപ്പെട്ട ഈ രണ്ടു രീതികളെ ഒന്നിച്ചു കൊണ്ടുപോകാൻ വിദ്യാർത്ഥികൾക്ക് കഴിയാതെ വന്നപ്പോൾ, തനിക്കേറ്റവും എളുപ്പവും ഐഹിക നേട്ടങ്ങൾ നൽകുന്നതുമായ മേഖയിലയിലേക്ക് അവർ ചുരുങ്ങുകയും ചെയ്തു. ഈ പ്രവണതയാണ് ആത്മീയതയിൽ മുഴുകുന്ന ഒരു വിഭാഗത്തെയും ഭൗതികതയുടെ കുത്തൊഴുക്കിൽ ഹോമിക്കപ്പെട്ട മറ്റൊരു വിഭാഗത്തെയും സൃഷ്ടിച്ചെടുത്തത്.

നന്മയുള്ള പുതുകാലത്തിനായി ചില തിരുത്തലുകൾ

യഥാർത്ഥത്തിൽ ഇന്ന് കാണുന്ന രീതിയിലുള്ള മാനവസമൂഹം അഭിമുഖീകരിക്കുന്ന അധഃപതനത്തിന്റെ പ്രധാനകാരണം മൂല്യരാഹിത്യം തന്നെയാണ്. ഈയൊരു പ്രതിസന്ധിയെ ഗൗരവത്തോടെ നോക്കിക്കാണുകയും അതിനു വേണ്ടിയുള്ള പരിഹാരമാർഗങ്ങൾ വളരെ പ്രാധാന്യത്തോടെ നിർദ്ദേശിക്കുകയും ചെയ്യേണ്ടതുണ്ട്. വരും തലമുറയിൽ മൂല്യബോധം വളർത്തിയില്ലെങ്കിൽ, ലോകത്തിന്റെ സഞ്ചാരം അസാന്മാർഗികതയുടെ ആഴങ്ങളിലേക്കായിരിക്കും. ആയതിനാൽ സാർവ്വലൗകികവും സാർവ്വകാലികവുമായ അടിസ്ഥാന മൂല്യങ്ങൾക്കും ധാർമിക സദാചാരങ്ങൾക്കും പ്രാധാന്യം നൽകി അതിനെ അടിത്തറയാക്കിയുള്ള ഒരു വിദ്യാഭാസ രീതിക്കാണ് നാം പരിശ്രമിക്കേണ്ടത്.

തീർച്ചയായും അത്തരത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയകളിലൂടെ ആർജ്ജിതമായ ആശയാദർശങ്ങളിൽ അധിഷ്ഠിതമായ സാമൂഹിക ക്രമവുമായി മുന്നോട്ടു നീങ്ങിയ കാലഘട്ടങ്ങളിലെല്ലാം, മാനവസമൂഹം ശാന്തിയും സമാധാനവും പുരോഗതിയും കൈവരിച്ചതും താനർഹിക്കുന്ന മഹനീയ പദവി അലങ്കരിച്ചുവെന്നതും ചരിത്രം വിളിച്ചോതുന്നു. എങ്കിലും നൈസർഗ്ഗികമായ മൂല്യബോധം യഥാർത്ഥ ദൈവ വിശ്വസിയിൽ മാത്രമേ പരിപൂർണ്ണമാകുകയുള്ളു. കാരണം, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ദേഹവും ദേഹിയും ഉൾക്കൊള്ളുന്നതാണ് മനുഷ്യൻ. അതിൽ ദേഹത്തെ കുറിച്ചുള്ള പഠനമാണ് ഭൗതിക ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നത്. ദേഹിയുമായി ബന്ധപ്പെട്ട പഠനം ആത്മീയ ജ്ഞാനത്തിലുമാണ് ഉൾപ്പെടുക. അത്കൊണ്ട് തന്നെ ആധ്യാത്മിക മൂല്യങ്ങൾ കൂടി ഉൾപ്പെടുന്ന വിദ്യഭാസ സമ്പ്രദായത്തിനു മാത്രമേ രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ കഴിയുകയുള്ളു എന്ന പി ജെ കുര്യന്റെ നിരീക്ഷണം പ്രാധാന്യമർഹിക്കുന്നു.

PJ Kurian

ആത്മീയജ്ഞാനം വേദഗ്രന്ഥങ്ങളിലൂടെയാണല്ലോ നാം ആർജ്ജിച്ചെടുക്കുന്നത്. നന്മതിന്മകളെ വേർതിരിച്ചു തരികയും നന്മചെയ്ത് ജീവിക്കുന്നവർക്ക് ദൈവം തന്റെ കാരുണ്യത്താൽ സ്വർഗം വാഗ്ദാനം നൽകുകയും തിന്മ ചെയ്തു ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കുന്നവർക്ക് കഠിന ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു കൊണ്ടാണ് വേദഗ്രന്ഥ ങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. (ഖുർആൻ 99:8, 2:25 / മത്തായി 19:16 / സാമവേദം / ആഗ്നേയകാണ്ഡം 93 / കഡോപനിഷത്തു 1:12 ).

പിറന്നു വീഴുന്ന ഓരോ കുട്ടിക്കും ജന്മവാസനകളുണ്ട്. ഈ വാസനകളെ വളർത്തിയെടുക്കേണ്ടത് സാമൂഹിക നന്മയെ മുൻനിറുത്തിയായിരിക്കണം. അതോടൊപ്പം അതിന്റെ ലക്ഷ്യപ്രാപ്തിയിൽ വഴികാട്ടലും നിയന്ത്രണവും ഒഴിച്ചുകൂടാനാകാത്തതുമാണ്. അതായതു അദ്ധ്യാപകരുടെ റോളും വളരെ പ്രാധാന്യം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെയാണല്ലോ പല സംസ്‌ഥാനങ്ങളുടെയും വിദ്യാഭ്യാസനയങ്ങൾ അദ്ധ്യാപക നിലവാരത്തെ പ്രൊമോട്ട് ചെയ്യാനുതകുന്ന രൂപത്തിൽ രൂപകല്പന ചെയ്തിരിക്കുന്നത്. മാത്രമല്ല, വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്താൻ വ്യക്തിഗത സ്വഭാവ സവിശേഷതകളോ കുടുംബപശ്ചാത്തലമോ മാറ്റം വരുത്തുന്നതിനേക്കാൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് അദ്ധ്യാപകരുമായി ബന്ധപ്പെട്ടകാര്യങ്ങൾക്കാണ്. വ്യക്തിപരമായ  സ്വഭാവ സവിശേഷതകൾ,  കുടുംബപരവും സൗഹൃദപരവുമായ ഇടപഴക്കം എന്നിവയുൾപ്പടെയുള്ള പല ഘടകങ്ങളും വിദ്യാർത്ഥികളുടെ അക്കാഡമിക് പ്രകടനത്തെ സഹായിക്കുന്നുണ്ടെങ്കിലും ഗവേഷണങ്ങൾ സ്ഥാപിക്കുന്ന പൊതുവായ വീക്ഷണം പഠിപ്പിക്കുന്നതിലുള്ള മറ്റേതു വശങ്ങളെക്കാളും, വിദ്യാർത്ഥികളുടെ നേട്ടങ്ങളിൽ കൂടുതൽ സ്വാധീനിക്കുന്നത് പര്യാപ്‌തമായ അദ്ധ്യാപകരുടെ ആത്മാർത്ഥമായ സമീപനങ്ങളാണ്.

പക്ഷെ അദ്ധ്യാപക വൃന്ദം അവരുടെ ഉത്തരവാദിത്തങ്ങളോട് വേണ്ടവിധം നീതിപുലർത്തുന്നുണ്ടോ ? പണ്ടുണ്ടായിരുന്ന പള്ളിക്കൂട സമ്പ്രദായത്തോളം അവർക്ക് വിയർപ്പൊഴുക്കാൻ കഴിയില്ലെങ്കിലും താൻ കൈപ്പറ്റുന്ന ശമ്പളതിന് കൃതജ്ഞത പ്രകാശിപ്പിക്കും വിധം വല്ലതും ചെയ്യാൻ നവഗുരുക്കൾ തയ്യാറാവേണ്ടതുണ്ട്. പൊതു വീക്ഷണത്തിൽ അധ്യാപകരുടെ ഫലപ്രാപ്തിയെ വിലയിരുത്തൽ, അവർ ഏത് സ്കൂളിലാണ് പഠിച്ചത്? അവർ ലൈസൻസ് ഉള്ളവരാണോ? മുമ്പ് എത്രകാലം പഠിപ്പിച്ചിട്ടുണ്ട് ? എന്നിവ അടിസ്ഥാനമാക്കിയാണെങ്കിലും വാസ്തവത്തിൽ പര്യാപ്തമായ അധ്യാപകരെ നിർണ്ണയിക്കേണ്ടത്, അവരുടെ ക്ലാസ്സ് മുറികളിൽ അവരുടെ ശിക്ഷണം വഴി അവരുടെ വിദ്യാർത്ഥികൾക്ക് നേടിയ നേട്ടങ്ങൾ എത്രമാത്രം ധാർമികമായി പുരോഗമിക്കുന്നു എന്നിങ്ങനെയുള്ള അധ്യാപകരുടെ വ്യക്തിത്വ ഗുണസിദ്ധികളെ നിരീക്ഷിച്ചു കൊണ്ടുമാവണം. കൃത്യസമയത്ത് നടത്തുന്ന ടെസ്റ്റുകളിലെയും പരീക്ഷകളിലെയും വിദ്യാർഥികളുടെ റാങ്കുകളുടെ അടിസ്ഥാനത്തിൽ അധ്യാപകരെ വിലയിരുത്താൻ പാടില്ല. കാരണം അത് അക്കാദമിക് വിഷയങ്ങളിലുള്ള വിദ്യാർഥികളുടെ മികവിനെയും പുരോഗതിയും മാത്രമാണ് സൂചിപ്പിക്കുന്നത്.  അവിടെ, സാമൂഹ്യപ്രവർത്തനങ്ങൾ, സ്വഭാവം, ശാസ്ത്രം, കല, സാഹിത്യം, തുടങ്ങിയ പാഠ്യേതര വിഷയങ്ങളിലുള്ള വിദ്യാർത്ഥികളുടെ സ്ഥിതിയെ കാൽക്കുലേറ്റ് ചെയ്യപ്പെടുന്നില്ല. ഇതുകൂടാതെ അധ്യാപകർ വിദ്യാർഥികളിൽ ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്ന പ്രധാന ആറ്റിട്യൂട്കളിൽ പെടുന്ന സബ്ജക്ടുകളോടുള്ള  താല്പര്യം, അക്കാദമിക്  കൗതുകത്വം,  പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള അഭിരുചി, ടീം വർക്ക്‌ ഇവയൊന്നും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ കൊണ്ടോ പരീക്ഷകൾ കൊണ്ടോ കണക്കാക്കാൻ കഴിയുന്നതല്ല. ഏതായാലും കഴിവുറ്റ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുന്നതിൽ അദ്ധ്യാപകർക്കുള്ള പങ്ക് അനല്പമല്ല.

മനുഷ്യവർഗ്ഗത്തെ രണ്ട് വിഭാഗങ്ങളായിട്ടാണ് ദർശനങ്ങൾ വീക്ഷിക്കുന്നത്. ധർമ്മികളും അധർമ്മികളും. ധർമ്മവും നീതിയുമെല്ലാം  നിർമ്മാണാത്മകമാണ്. അതുകൊണ്ടുതന്നെ മനുഷ്യൻ ബോധപൂർവ്വമാണ് അവയെ പടിപടിയായി പരിപോഷിപ്പിക്കേണ്ടത്. തിന്മ,അസത്യം, അധർമ്മം ഇവയെല്ലാം സമൂഹത്തിൽ അനുസ്യൂതം  യഥേഷ്ടം വ്യാപിച്ചുകൊണ്ടേയിരിക്കും. അവിടെ വിദ്യാഭ്യാസമാണ് മനുഷ്യനെ മാനവിക ബോധമുള്ളവനാക്കി പുരോഗതിയിലേക്ക് നയിക്കേണ്ടത്. പുരോഗതി നിർമാണാത്മകമാണ്. മനുഷ്യസംസ്കാരം പുരോഗമിക്കണമെങ്കിൽ മാനവികമൂല്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസ രീതിയാണ് ആവിഷ്‌ക്കരിക്കേണ്ടത്. അല്ലെങ്കിൽ എല്ലാ അധർമ്മങ്ങളെയും അധർമ്മകാരികളെയും  പുരോഗതിയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവുമില്ലാതെ സ്വീകരിക്കേണ്ടതായി വരും. അതേസമയം ഭൗതിക മേഖലയെ പാടെ അവഗണിക്കുകയല്ല  വേണ്ടത് ബൗദ്ധിക രംഗത്തു ജീർണിക്കുകയും നിശ്ച്ചലമാവുകയും ചെയ്ത ജനത മാനസികമായി അധഃപതനത്തിലേക്ക് കൂപ്പുകുത്തുക മാത്രമല്ല, അത് ഭൗതികമായി ക്ഷയിക്കാൻ ഹേതുവാകുകയും ചെയ്യും. മൂല്യബോധം വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കുക എന്നതു മാത്രമാണ്, ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരം. അതിനായി വ്യക്തമായ ലക്ഷ്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും രൂപപ്പെടുത്തിയ കർമ്മ പരിപാടിയുമായി പൊതുസമൂഹത്തെയും വിദ്യാഭ്യാസമേഖലയിലെ പ്രവർത്തകരെയും ബോധവൽക്കരിക്കുകയാണ് ആദ്യമായി വേണ്ടത്.

Badridheen El Farthwavi is a graduate in BA Economics, he entertains as a freelance writer in Malayalam, English, Urdu languages.

2 thoughts on “മൂല്യം മരിക്കുന്ന കാലത്തെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ചിന്തകൾ

Leave a Reply

Your email address will not be published. Required fields are marked *