ബൈബിൾ ദൈവികമോ? ബൈബിൾ ബാക്കിവെക്കുന്ന സംശയങ്ങൾ…

By, Badrudheen El Farthwavi

ഇസയേൽ ജനതയിലേക്ക് ഇറക്കപ്പെട്ട ബൈബിളിൽ നിന്നും തികച്ചും വ്യത്യസ്തമായി വളരെയധികം കൈകടത്തലുകൾക്കും ഒട്ടേറെ മാറ്റത്തിരുത്തലുകൾക്കും വിധേയമായ ഒരു ‘പുതിയ’ ബൈബിളാണ് നമുക്ക് ഇന്ന് ലഭ്യമാകുന്നത്. യേശുക്രിസ്തുവിന്റെ തനതായ ആശയങ്ങളിൽ നിന്നും ക്രിസ്തീയ സമൂഹം വ്യതിചലിക്കാനുള്ള മുഖ്യ കാരണവും ഇതു തന്നെ. എങ്കിലും ബൈബിളിൽ എല്ലാ കൈകടത്തലുകളും മതപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നാണ് ക്രൈസ്തവ പുരോഹിതരുടെ വാദം. ക്രിസ്തീയ പണ്ഡിതയായ സിസ്റ്റർ ഗെൻട്യൂഡ് ഒ.എം.എസ്.ഇ. എഴുതുന്നു ” ബൈബിൾ എന്നെന്നും നിലനിൽക്കുന്നതും അനാദിയും തെറ്റുകളില്ലാത്തതുമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ദൈവത്തിന്റെ ആജ്ഞ പ്രകാരം ഒരു മാലാഖ ഓരോ വാക്കും പറഞ്ഞ് കൊടുത്ത് എഴുതിച്ച, മാനുഷിക പരിമിധികളിൽ നിന്ന് മുക്തമല്ലാത്ത തികച്ചും മനുഷ്യന്റേതായ ഒരു ഗ്രന്ഥമാണ് ബൈബിൾ “. ബൈബിളിൽ ഒരിടത്ത് പോലും ഇത് സത്യ ദൈവത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നതായി കാണാൻ സാധിക്കുകയില്ല.

ക്രൈസ്തവർ പഴയനിയമമെന്നും പുതിയനിയമെന്നും രണ്ട് ഭാഗമായാണ് ബൈബിളിനെ പരിചയപ്പെടുത്തുന്നത്. ജൂതൻമാരുടെ വേദഗ്രന്ഥമായ തോറയും ദാവീദിനിറക്കപ്പെട്ട സബൂറും ഉൾപ്പെട്ടതാണ് പഴയ നിയമത്തിന്റെ ഉള്ളടക്കം. എന്നാൽ പുതിയ നിയമമാവട്ടെ യേശുക്രിസ്തുവിന്റെ ജീവിതത്തെയും പ്രബോധനങ്ങളേയും പ്രതിപാദിക്കുന്നതാണ്. മത്തായി, മാർക്കോസ്, ലൂക്കോസ്, യോഹന്നാൻ തുടങ്ങിയ നാലു സുവിശേഷങ്ങൾ, അപ്പോസ്തലൻമാരുടെ പ്രവർത്തനങ്ങൾ, പൗലോസിന്റെ പതിമൂന്ന് ലേഖനങ്ങൾ, എബ്രായർക്കുള്ള ലേഖനം, ക്രിസ്തു ശിഷ്യൻമാരായ യാക്കോബ്, പത്രോസ്, യോഹന്നാൻ, യൂദം എന്നിവരുടെ ലേഖനങ്ങൾ, വെളിപാട്  എന്നിങ്ങനെ 27 പുസ്തങ്ങൾ ചേർന്നതാണ് പുതിയനിയമം. 45 പുസ്തകങ്ങൾ അടങ്ങിയ പഴയ നിയമവും കൂടി ആകെ 72 പുസ്തകങ്ങളാണ് ബൈബിൾ. എന്നാൽ ഇന്ന് വ്യത്യസ്ത പ്രസാധകരുടെ ബൈബിളുകളിലെ പുസ്തകങ്ങളുടെ എണ്ണം തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ഓർത്തോഡോക്സ് പതിപ്പിൽ 86 ഉം കാരിസ്റ്ററ്റിക് പതിപ്പിൽ 76 ഉം റോമൻ കത്തോലിക്ക 73 ഉം പ്രൊട്ടസ്റ്റന്റ് 66 പുസ്തകങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

                                സുവിശേഷങ്ങളിലൊക്കെ യേശുവിന്റെ മരണത്തെയും ഉയർത്തെഴുന്നേൽപ്പിനെയും വ്യക്തമായി പ്രതിപാദിച്ചത് കൊണ്ട് തന്നെ, അവയെല്ലാം അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടതാണെന്ന്  പകൽ പോലെ വ്യക്തമാണ്. അതായത് യേശുക്രിസ്തു പോലും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത സുവിശേഷങ്ങളാണ്  ഇന്നത്തെ ക്രിസ്ത്യാനികളുടെ ഭരണഘടനയായ സുവിശേഷങ്ങൾ. സഭ അംഗീകരിച്ച നാലു സുവിശേഷങ്ങളുടെ രചയിതാക്കളിൽ മത്തായിയും യോഹന്നാനും യേശു ശിഷ്യൻമാരാണ്. എന്നാൽ അവർ നേരിട്ടെഴുതിയതാണ് ഈ പുസ്തകങ്ങളെന്ന് വിശ്വസിക്കാൻ നിർവാഹമില്ല. കാരണം ഇപ്പോൾ നിലനിൽക്കുന്ന മൂലകൃതി ഗ്രീക്ക് ഭാഷയിലാണ് രചിച്ചിട്ടുള്ളത്. പക്ഷേ, ശിഷ്യൻമാർ ഉപയോഗിച്ച ഭാഷയാവട്ടെ അരമന ഭാഷയും. ആദ്യം എഴുതപ്പെട്ട സുവിശേഷം മാർക്കോസിന്റേതാണ്. മത്തായി ഇതടിസ്ഥാനമാക്കിയാണ് തന്റെ രചന നടത്തിയത്. യേശുവിന്റെ ശിഷ്യനായ പത്രാസിൽ നിന്ന് മാർക്കോസ് ഉദ്ധരിച്ച കാര്യങ്ങൾ തന്നെ ഭാഷയിലൂടെ പുനവതരിപ്പിക്കുകയാണ് മത്തായി ചെയ്തത്. അപ്പോസ്തലനായ മത്തായി യേശുവിൽ നിന്ന് നേരിട്ടു കേട്ടത് ഉദ്ധരിക്കുന്നതിന് പകരം, ആപത്ഘട്ടത്തിൽ യേശുവിനെ തള്ളിപ്പറഞ്ഞ പത്രാസിൽ നിന്ന് ഉദ്ധരിച്ചതിന്റെ ആവശ്യമെന്തായിരുന്നു?
ഇങ്ങനെ നോക്കുമ്പോൾ അപ്പോസ്തലനായ മത്തായി അല്ല മത്തായി സുവിശേഷത്തിന്റെ രചയിതാവെന്ന് തെളിയുന്നു.

ബർനബാസിന്റെ ബന്ധുവും പൗലോസിന്റെ സഹചാരിയുമായ മാർക്കോസാണ് മാർക്കോസ് സുവിശേഷം രചിച്ചതെന്നതിന് യാതൊരു തെളിവുമില്ലെന്നാണ് ക്രിസ്തു ദർശന പണ്ഡിതൻമാർ തന്നെ വിലയിരുത്തുന്നത്. പന്ത്രണ്ട് അപ്പോസ്തലൻമാരിൽ പെടാത്തവനും പത്രോസിന്റെ ശിഷ്യനുമായ മാർക്കോസ്, തന്റെ സുവിശേഷത്തിൽ യേശുക്രിസ്തുവിന്റെ ഉപദേശങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പത്രോസ് പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തുകയായിരുന്നു. പത്രോസിന്റെ കാലശേഷം ഇത് രചിച്ചതിനാൽ, അതിൽ എന്തങ്കിലും ഭംഗങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഗുരു ഉണ്ടായിരുന്നില്ല. ഈ കാരണത്താലാണ് ഫാദർ റൂഗറ്റിനെ പോലെയുള്ളവർ സുവിശേഷങ്ങളിൽ വെച്ച് ഏറ്റവും ദുർബലമായത് മാർക്കോസാണെന്ന് അഭിപ്രായപ്പെട്ടത്.

മാർക്കോസിനെപ്പോലെ സുവിശേഷകനായ ലൂക്കോസിന്റെ  പേരും നാലു സുവിശേഷങ്ങളിലും കാണുന്നില്ല. ലൂക്കോസിന്റെ രചയിതാവായി അപ്പോസ്തലൻ ലൂക്കോസിനെ ക്രിസ്ത്യാനികൾ കേവലം നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിശ്വസിച്ചു പോകുന്നത്. നിലവിലുണ്ടായിരുന്ന രേഖകളും മറ്റും സൂക്ഷ്മമായി പരിശോധിച്ചിട്ട് തനിക്ക് ശരിയാണെന്ന് തോന്നിയ കാര്യങ്ങള ക്രമമായി എഴുതുക മാത്രമാണ് ലൂക്കോസ് ചെയ്തത്. ആദ്യം പറഞ്ഞ മൂന്ന് സുവിശേഷങ്ങളും പ്രധാനമായും ഒരേ മൂലകൃതിയെ അടിസ്ഥാനമാക്കിയാണ് രചിച്ചിട്ടുള്ളത്. അതിനാൽ ഇവകളെ സിനോപ്റ്റിക് സുവിശേഷങ്ങൾ (Synoptic Gospels) എന്ന് വിശേഷിപ്പിക്കുന്നു.

നാലാമത്തെ സുവിശേഷകനായ യോഹന്നാൻ യേശുവിന്റെ അപ്പോസ്തലനാണെന്നാണ് പ്രബലമായ അഭിപ്രായം. സെബദി പുത്രനായ ഇദ്ദേഹത്തെ കുറിച്ച് ബൈബിൾ തന്നെ പറയുന്നത്, അക്ഷരജ്ഞാനമില്ലാത്ത സാധാരണക്കാരനെന്നാണ്. യേശുവിന്റെ ശിഷ്യൻമാരല്ലാത്ത മറ്റു സുവിശേഷകർത്താക്കളെല്ലാം തങ്ങളുടെ രചന സമർപ്പിച്ചതിന് ശേഷമാണ് യോഹന്നാൻ തന്റെ സുവിശേഷം രചിച്ചിട്ടുള്ളതെന്ന കാര്യം വളരെ വൈചിത്ര്യമുള്ളതാണ്. ഇപ്പോഴും ഈ നാലാം സുവിശേഷത്തെക്കുറിച്ചുള്ള സംശയങ്ങൾ ബാക്കിയാണ്. അദ്ദേഹത്തിന്റെ പേരിൽ അലക്സാണ്ട്രിയൻ പാഠശാലയിലെ ഒരു വിദ്യാർത്ഥി രചിച്ചതാണ് ഇതെന്നും അവിടെ നിന്നാണ് ത്രിദൈവ/ ത്രിത്വ സിദ്ധാന്തം ജനിച്ചതെന്നുമുള്ള കണ്ടെത്തൽ ലാഘവത്തോടെ കാണാൻ കഴിയില്ല. ചുരുക്കത്തിൽ ഇന്ന് ക്രൈസ്തവർ അംഗീകരിക്കുന്ന ഒരൊറ്റ സുവിശേഷത്തിന്റെയും രചയിതാവ് ആരാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പുതിയ നിയമത്തിലെ അപ്പോസ്തല പ്രവൃത്തികളുടെ രചയിതാവ് ആരാണെന്നും വ്യക്തമല്ല.

വിരുദ്ധഭാവം തളം കെട്ടി നിൽക്കുന്ന ബൈബിൾ 

“ഒരു പ്രത്യേക ദൂതൻ വഴി ഓരോ വാക്കും പറഞ്ഞെഴുതിച്ചതാണ് ” എന്ന് വിശ്വസിക്കുന്നില്ലെങ്കിലും ബൈബിൾ വാചകങ്ങൾ “ദൈവ പ്രചോദിതമായി, പരിശുദ്ധാത്മാവിനാൽ പ്രേരിതമായി രചിക്കപ്പെട്ടവയാണ്” എന്നാണ് ക്രിസ്ത്യാനികൾ പറയുന്നത്. ഇതു പ്രകാരം ബൈബിളിൽ ചെറിയൊരു വൈരുദ്ധ്യം പോലും കടന്നു കൂടാൻ പാടില്ല . പക്ഷെ, സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുകയാണെങ്കിൽ ബൈബിളിൽ അനേകമനേകം വൈരുദ്ധ്യങ്ങൾ നമ്മുടെ ദൃഷ്ടിയിൽ പതിയുമെന്നതിൽ സംശയവുമില്ല. യേശുവിന്റെ വംശപരമ്പരയിൽ പോലും വൈരുദ്ധ്യങ്ങൾ വളരെ വ്യക്തമായി കാണാൻ കഴിയും. മത്തായിയിൽ പറയുന്നതല്ല ലൂക്കോസിൽ പറയുന്നത്. മാത്രമല്ല, രണ്ടു പേരും സമർപ്പിച്ചത് യേശുവിന്റെ വംശാവലിയല്ല. മറിയത്തിന്റെ വംശാവലി രേഖപ്പെടുത്തുന്നതിന് പകരം യോസഫിന്റെ വംശപരമ്പരയാണ് അവർ കണക്കാക്കിയിട്ടുള്ളത്. അവിടെയും വൈരുദ്ധ്യം കാണാം. യോസഫിന്റെ പിതാവായി യാക്കോബിനെ മത്തായി എണ്ണുമ്പോൾ ലൂക്കോസ് എണ്ണിയത് ഹേലിയാണ്. അതുപോലെത്തന്നെ പ്രളയത്തെ കുറിച്ച് പ്രതിപാദിക്കുന്ന സ്ഥലത്ത് പൗരോഹിത്യ പതിപ്പും യാഹ്വി പതിപ്പും വിവരിക്കുന്നത് വ്യത്യസ്തമായാണ്. വെള്ളപ്പൊക്ക സമയത്ത്, നോഹ ഓരോ ജീവവർഗ്ഗത്തിൽ നിന്ന് ഓരോന്നിനെയും തന്റെ കപ്പലിൽ കയറ്റിയെന്നും പ്രളയഹേതു മഴ വെള്ളവും ഉറവയുമാണെന്നും പ്രളയദൈർഘ്യം 150 ദിവസം വരെ നീണ്ടുനിന്നെന്നും പൗരോഹിത്യ പതിപ്പിൽ കുറിച്ചിടുമ്പോൾ, യാഹ്വി പതിപ്പിൽ എഴുതിയിരിക്കുന്നത് നോഹ ജന്തുവർഗത്തിൽ നിന്ന് 7 ജോഡികളെയും അശുദ്ധവർഗത്തിൽ നിന്ന് ഓരോ ജോഡികളെയും തിരഞ്ഞെടുത്തെന്നും പ്രളയഹേതു മഴവെള്ളമാണെന്നും നാൽപത് ദിവസം മാത്രമേ പ്രളയമുണ്ടായിട്ടുള്ളൂ എന്നുമാണ്. അങ്ങനെ വരുമ്പോൾ വൈരുദ്ധ്യങ്ങളുടെ സംഗമമാണ് ബൈബിളെന്നും അതിനെ ക്രൈസ്തവരുടെ ഭരണഘടനയായി കണക്കാക്കുന്നത് പരമവിഡ്ഢിത്തവുമാണെന്ന കാര്യം അനിഷേധ്യമായ വസ്തുതയായിത്തീരുന്നു.

ധർമ്മം മറന്ന് ബൈബിൾ ഇകഴ്ത്തുന്നു

തീർച്ചയായും ദൈവികഗ്രന്ഥമായ ബൈബിളിനെ സംബന്ധിച്ചിടത്തോളം അത് നന്മകളും സൽഗുണങ്ങളും മഹത്വങ്ങളുമാണ് ഉൾക്കൊള്ളിക്കേണ്ടത്. അതിൽ യേശുവിന്റെ ഉദാത്തമായ ജീവിതരീതികളെയും സ്വഭാവത്തെയും അത്ഭുത പ്രവർത്തനങ്ങളെയുമായിരുന്നു പ്രതിപാദിക്കേണ്ടിയിരുന്നത്. എന്നാൽ അശ്ലീലവും ആഭാസവും നിറഞ്ഞ കഥകളും, യേശുവിനെ ഇകഴ്ത്തുന്നതും പരിഹസിക്കുന്നതുമായ ചിത്രങ്ങളുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അദ്ദേഹം ചെയ്തിരിക്കാൻ വഴിയില്ലാത്ത അത്തിമരത്തിന്റെ കഥ മത്തായിയിലും മാർക്കോസിലും ഉദ്ദരിക്കുന്നുണ്ട്, ‘ഒരിക്കൽ ബഥനയിൽ നിന്ന് ജറുസലേമിലേക്ക് പോകുന്ന സമയത്ത് യേശുവിന് വിശപ്പനുഭവപ്പെടുകയും വഴിയിൽ ഒരു അത്തിമരം കാണുകയും അതിന്റെ അടുത്ത് പോവുകയും ചെയ്തു. എന്നാൽ സീസണല്ലാത്തതിനാൽ അതിൽ ഫലങ്ങനുണ്ടായിരുന്നില്ല. ഉടൻ യേശു ദേഷ്യപ്പെടുകയും തൽക്ഷണം മരം ഉണങ്ങിപ്പോവുകയും ചെയ്തു. ഇത് തികച്ചും യേശുവിനെ തരം താഴ്ത്താനുതകുന്നതാണ്. കാരണം ആരും തന്നെ സീസണല്ലാത്ത കാലം പഴമന്വേഷിച്ച് പോകാറില്ല. ഇനി പോയെങ്കിൽ തന്നെ കോപിച്ച് കൊണ്ട് ശപിക്കുക എന്നത് യേശുവിനെ സംബന്ധിച്ചിടത്തോളം തന്റെ സ്വഭാവത്തിന് ഇണങ്ങാത്തതുമാണ്.

അപ്രകാരം തന്നെ, അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യൻ പത്രോസ്, ശത്രുക്കളുടെ കെണിയിലകപ്പെട്ടപ്പോൾ, യേശുവിനെ അറിയില്ലെന്ന് വാദിക്കുന്ന രംഗം മത്തായി രേഖപ്പെടുത്തുന്നുണ്ട്. ഈ രണ്ട് പേരും ഇത് കേട്ടയുടൻ നിഷേധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇനി സത്യമാണെങ്കിൽ തന്നെ നിഷേധിച്ച ആ നിമിഷം മുതൽ പത്രോസ് ലോകത്ത് ഏറ്റവും തരം താഴ്ന്ന ആളായി മാറുകയും ചെയ്യും. കള്ളസത്യം പാടില്ലെന്ന ദൈവകൽപ്പനയെ പ്രമുഖ ശിഷ്യൻ തന്നെ നിരസിച്ചെന്നു വരും. ആപത്ഘട്ടത്തിൽ ഗുരുവിനെ തള്ളിപ്പറഞ്ഞ അദ്ദേഹത്തിന് എങ്ങനെ യേശുക്രിസ്തു പ്രമുഖ സ്ഥാനം നൽകും. ചുരുക്കത്തിൽ ഒരു ദൈവിക ഗ്രന്ഥത്തിൽ പരാമർശിക്കാൻ പാടില്ലാത്ത പലതും ബൈബിളിൽ കടന്നു കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *