പാർലമെന്റിൽ നഷ്ടപ്പെടുന്ന മുസ്ലിം പ്രാതിനിധ്യം: കേരളത്തിലും കോൺഗ്രസ് വഴങ്ങുന്നതാർക്കു വേണ്ടി?

By A Latheef Abbas

latheefmnc@gmail.com

Published in Prathipaksham.in

ഒരു മുസ്ലിം സംഘടനാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ദിവസങ്ങൾക്ക് മുമ്പ് വാർത്തകളിലിടം നേടുകയുണ്ടായി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നതാണ് വിഷയം.

“10% ജനസംഖ്യയുള്ള നായർ സമുദായത്തിന് 5 സീറ്റ്,
17% ജനസംഖ്യയുള്ള കൃസ്ത്യൻ സമുദായത്തിന് 5 സീറ്റ്.
27% ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിന് ജയസാധ്യതയിൽ തന്നെ സംശയമുള്ള 1 സീറ്റ്,”
എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ഇവിടെ രാഷ്ട്രീയത്തിൽ മത/ജാതി അടിസ്ഥാനത്തിൽ പ്രാതിനിധ്യം ആവശ്യപ്പെടുന്നതിലെ ജനാധിപത്യവിരുദ്ധത ഉന്നയിക്കാം. വർഗീയതയും സാമുദായികതയും ആക്ഷേപിക്കാം. പക്ഷേ, അതിനു മുമ്പ്‌, വിമർശനം ഉന്നയിക്കപ്പെടുന്ന പാർട്ടി കോൺഗ്രസ് ആണെന്ന് മറക്കരുത്. മറ്റു പാർട്ടികൾക്കില്ലാത്ത എന്തു സവിശേഷതകളാണ് കോൺഗ്രസിനുള്ളത് എന്ന് മനസിലാക്കിയതിനു ശേഷം, അക്കങ്ങളിലെ സാമുദായിക വിവേചനം ഉയർത്തുന്നതിലെ പൊളിറ്റിക്കൽ കറക്റ്റ്നസ് മനസ്സിലാക്കിയാൽ മതി.
മുസ്ലിം വിരുദ്ധ ഹൈന്ദവ ദേശീയബോധം ആളിക്കത്തിച്ചു കൊണ്ട് ഇന്ത്യയുടെ മതേതര ജനാധിപത്യ റിപ്പബ്ലിക് മുഖം തല്ലിക്കെടുത്താൻ ശ്രമിക്കുന്ന വലതുപക്ഷ വർഗീയ ശക്തികൾക്കെതിരെയുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പോരാട്ടം എന്ന നിലക്കാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നതും ഇന്ത്യയുടെ രാഷ്ട്രീയ അനുഭവങ്ങളിൽ അതി നിർണ്ണായകമായിത്തീരുന്നതും.


ഈ ജനാധിപത്യ പോരാട്ടത്തിൽ തേര് തെളിക്കുന്നതാകട്ടെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന, സ്വതന്ത്ര്യ ഇന്ത്യയുടെ മതേതര സ്വത്വത്തിന് തറക്കല്ല് പാകിയ  ജവഹർലാൽ നെഹ്റുവിന്റെ പിതൃത്വം അഭിമാനമായി കൊണ്ടുനടക്കുന്ന കോൺഗ്രസ് പാർട്ടിയാണ്.

ചരിത്രത്തിൽ, ബദ്റുദ്ധീൻ ത്വയ്യിബ്ജി, റഹ്മത്തുള്ള എം സയാനി, അബുൽകലാം ആസാദ് തുടങ്ങിയ ധാരാളം മുസ്ലിം രാഷ്ടീയ നേതാക്കളെ വളർത്തിയ പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യപൂർവ കോൺഗ്രസ് ചരിത്രത്തെ ഇന്ത്യയുടെ ബഹുസ്വര നിലങ്ങളുടെ പരിഛേദമായാണ് കാണേണ്ടത്. അതിനാൽ തന്നെ തീവ്ര ദേശീയവാദികൾ തൊട്ട് ജനാധിപത്യ മതേതര വക്താക്കൾ വരെയും മുസ്ലിം മതമൗലികവാദികൾ മുതൽ ഹൈന്ദവ ദേശീയ വാദികൾ വരെ കോൺഗ്രസിന്റെ കുടക്കീഴിൽ വളർന്നിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യാനന്തര (അഥവാ വിഭജനാനന്തര ) ജനാധിപത്യ ഇന്ത്യയെ പിന്നീടങ്ങോട്ട് നയിച്ച കോൺഗ്രസ് നേതാക്കളായ നെഹ്റുവിനോ ഇന്ദിരക്കോ തുടച്ച് നീക്കാനാവാത്ത വിധം മൃദുഹിന്ദുത്വ ദേശീയ വാദികളും പാർട്ടിയിൽ അളളിപ്പിടിച്ചു വളരുന്നുണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. അത് രാജീവിലെത്തിയപ്പോൾ പുറത്തേക്ക് തലനീട്ടി പ്രകടമാകുന്നതാണ് തുടർന്നുള്ള രാഷ്ട്രീയ സംഭവ വികാസങ്ങൾ കാണിച്ചുതരുന്നത്.
തീവ്രഹിന്ദുത്വയുമായുള്ള അധികാര വടംവലിയിൽ ആദർശം പണയം വെച്ച് മത്സരിക്കാനിറങ്ങിയ കോൺഗ്രസ് നേതാക്കൾ ബി ജെ പി ക്കു മുമ്പേ ഭരണസിരാകേന്ദ്രങ്ങളിൽ ഹിന്ദുത്വ സ്വാധീനങ്ങൾക്ക് ഇടം നൽകുകയുണ്ടായി.

രാമാനന്ദ് സാഗറിന്റെ രാമചരിത സംപ്രേഷണം മുതൽ സാമൂഹിക സാമ്പത്തിക രാഷ്ടീയ മാനങ്ങളിൽ കൂലങ്കഷമായ പര്യാലോചനകളിലൂടെ ഔചിത്യബോധം ഉറപ്പുവരുത്തി പൂർത്തിയാക്കേണ്ടിയിരുന്ന ഗോവധ നിരോധന നിയമനിർമാണങ്ങൾ വരെ കോൺഗ്രസ് ഓരോ ഇലക്ഷൻ വരവേൽക്കുന്നതിനുള്ള മുന്നൊരുക്കമായി ആഘോഷിക്കുകയായിരുന്നു. അംഗന പി ചാറ്റർജിയും തൊമസ് ബ്ലൊം ഹാൻസെനും ലണ്ടനിലെ കിങ്സ് ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ത്യൻ പൊളിറ്റിക്സ് വിഭാഗം പ്രൊഫസർ ക്രിസ്റ്റഫ് ജാഫ്രിലൊട്ടും ചേർന്ന് എഡിറ്റു ചെയ്ത ‘Majoritarian State: How Hindu Nationalism is Changing India’ ൽ രേഖപ്പെടുത്തിയതായി കാണാം;1980 മുതൽ 2014 വരെ കാലയളവിൽ മുസ്ലിം ജനസംഖ്യ 11.1 ൽ നിന്ന് 14.2 ശതമാനത്തിലേക്ക് വർധിക്കുമ്പോഴും പാർലമെന്റിലെ മുസ്ലിം പ്രാതിനിധ്യത്തിലാകട്ടെ പകുതിയിലധികം കുറവ് വരികയാണുണ്ടായത്. അതായത് 9 ശതമാനത്തിൽ നിന്ന് 3.7 ശതമാനമാനത്തിലേക്ക് ഇടിയുകയായിരുന്നു മുസ്ലിം എം പിമാരുടെ എണ്ണം.

ഇത്രയും വസ്തുതകൾ ഇവിടെ വിവരിക്കേണ്ടി വന്നത് കോൺഗ്രസ് പാർട്ടിക്കകത്ത് നിലനിൽക്കുന്ന മുസ്ലിം പ്രാന്തവൽക്കരണ യജ്ഞത്തിന്റെ അനുരണനം കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിലും ഇടം പിടിച്ചിരിക്കുന്നത് പട്ടാപ്പകൽ പോലെ വെളിവായതുകൊണ്ടാണ്.

ഇവിടെ കണക്കുകൾ മാത്രമേ സത്യം തുറന്നു പറയൂ. കേരളത്തിൽ ഇടതുപക്ഷത്തേക്കാൾ അധികം മുസ്ലിം പിന്തുണയും അനുഭാവവുമുള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ കേരളത്തിലെ കോൺഗ്രസിൽ ഇന്നും തുടരുന്ന നായർ മേധാവിത്ത സവർണ്ണ മേൽക്കോയ്മ ഇപ്പോഴും നേതൃത്വത്തിൽ മുസ്ലിം പ്രാതിനിധ്യം കടന്നു വരുന്നതിന് വിലക്കാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ KPCC യിലെ എം എം ഹസന്റെ നിയോഗം മാത്രമെടുത്താൽ മതി. മുസ്ലിം ഭൂരിപക്ഷ പ്രാദേശിക യൂണിറ്റുകളിൽ മാത്രമേ മുസ്ലിം നേതാക്കൾ കടന്നു വരുന്നുള്ളു. ഇതര മേഖലകളിൽ കോൺഗ്രസിനു വേണ്ടി ചാവേറാകാൻ മാത്രം വിധിക്കപ്പെട്ട വലിയൊരു കൂട്ടം മുസ്ലിം നേതാക്കളെ കാണാൻ കഴിയും. അവരുടെ നേതാവാണ് എംഎം ഹസൻ. അക്കൂട്ടത്തിൽ മറ്റൊരു ഇരയാണ് ടി.സിദ്ധീഖ്. ഇത്തരം മത-ജാതി വിഭാഗീയതയെ ചേർത്തു നിർത്തിയാണ് കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കുകൾ മൂർഛിക്കുന്നത്. എം എം ഹസന് KPCC പദവി താൽക്കാലികം മാത്രമായത് ഹസൻ ഒരു മുസ്ലിമായതുകൊണ്ടാണെന്ന് മനസ്സിലാക്കിയ ഒരാളുണ്ടെങ്കിൽ അത് ഹസൻ മാത്രമായിരിക്കുമെന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ കാസർകോട് മത്സരിച്ച് മികച്ച പ്രകടനം കാഴ്ച്ചവെച്ച സിദ്ധീഖിനു പകരം കാസർകോഡ് DCC തന്നെ എതിർക്കുകയും ആദ്യ പ്രചരണദിവസത്തെ ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്ത ഉണ്ണിത്താനെ തന്നെ അവിടെ നിറുത്തണമെന്ന വാശി ആരുടെതാണ്.? ഇതിന്റെ പേരിൽ DCC പ്രസിഡൻറ് ഹകീം കുന്നിലിനെ പ്രചരണ രംഗത്ത് നിന്ന് മാറ്റി നിറുത്തേണ്ടി വരികയും ചെയ്തുവെങ്കിൽ കൂടുതലൊന്നും പറയേണ്ടതില്ലല്ലേ.

പ്രിയ കോൺഗ്രസുകാരേ,
ഹിന്ദു വർഗീയത ഉത്തരോത്തരം ശക്തി പ്രാപിച്ചു വരുന്ന രാഷ്ടീയ സന്ദർഭങ്ങളിൽ മതേതരത്വം പറഞ്ഞ് പിടിച്ചു നിൽക്കൽ പ്രയാസമാണെന്നറിയാം, ഉത്തരേന്ത്യൻ നാടുകളിൽ മുസ്ലിം അപരവൽക്കരണം ശക്തിയോടെ ജനാധിപത്യ പ്രക്രിയകളുടെ സകല കേന്ദ്രങ്ങളിലും വ്യാപിക്കുകയാണ്. പേരിനു മാത്രം വിരലിൽ കൊള്ളുന്ന മുസ്ലിം നേതാക്കളുള്ള ബിജെപി, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ, എറ്റവുമധികം മുസ്ലിംകൾ വസിക്കുന്ന ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരൊറ്റ മുസ്ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാതെ വൻവിജയം കൊയ്താണ് തങ്ങളുടെ ദേശീയ കൂറ് പ്രകടിപ്പിച്ചത്.

ബിജെപിയുടെ വർഗീയ പ്രീണനം നാലു ചവിട്ടു മുന്നോട്ടു പോകുമ്പോൾ ഒരു ചവിട്ട് മുന്നേറുന്ന കോൺഗ്രസ് നയം അധികാര രാഷ്ട്രീയത്തിലെ താൽക്കാലിക ശമനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അധികാര മോഹങ്ങൾക്കപ്പുറം ആദർശാത്മകമായ ജനാധിപത്യ ബോധം നയിക്കാനുള്ള നേതൃത്വമില്ലായ്മയാണ് ഇന്ന് കോൺഗ്രസിനെ ബി ജെ പിയുടെ മൃദു പതിപ്പാക്കി തീർക്കുന്നത്. പക്ഷേ മതേതര നിഷ്ടകൾ യഥോചിതം പിന്തുടരുന്ന കേരളത്തിലെങ്കിലും വിജയസാധ്യതയുള്ള ഒരു മുസ്ലിം നേതാവിനെ നിറുത്താമായിരുന്നില്ലേ എന്ന ചോദ്യം ന്യൂനപക്ഷ വിരുദ്ധ പൊതുബോധം സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ സന്ദർഭത്തിൽ കോൺഗ്രസ് അഭിമുഖീകരിക്കുക തന്നെ വേണം. ഭരണഘടനാപരമായ സംവരണാനുകൂല്യങ്ങളിലേക്ക് നയിക്കുന്ന സാമുദായിക അസന്തുലിതാവസ്ഥയുടെ മറ്റൊരു വകഭേദമായി അതിനെ കാണാൻ ശ്രമിക്കാനുള്ള ജനാധിപത്യ ബോധ്യമാണ് കോൺഗ്രസ് നേതാക്കൾക്കുണ്ടാവേണ്ടത്. വടക്കിൽ നിഷേധിക്കപ്പെടുന്ന മുസ്ലിം ശബ്ദം തെക്ക് നിന്നു കയറി പാർലമെന്റിൽ മുഴങ്ങുകയാണെങ്കിൽ അത് ഇന്ത്യയുടെ മതേതര ഭാവിയോടും വിഭജനാനന്തര രാഷ്ട്രീയ പ്രതിസന്ധിയോടും കോൺഗ്രസ് പുലർത്തുന്ന ഏറ്റവും വലിയ ജനാധിപത്യ നന്മയായേ ഭവിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *