ടിപ്പുവിനും മായിപ്പാടി രാജവംശത്തിനും മദ്ധ്യേ (സാവുക്കർ) കുഞ്ഞിപ്പക്കി കുടുംബം; ഹൈന്ദവ മുസ്ലിം രക്തബന്ധത്തിന്റെ കാസർകോട് ഭൂമിക

By, Latheef Abbas, Madeenathunnoor College, latheefmnc@gmail.com

Presented in 6th Annual International Kerala History Conference on 16,17,18 November 2018 at Thunchath Ezhuthachan Malayalam University.
ചരിത്രം കേവലം രേഖീയമായ കാലപ്രവാഹമായല്ല മനുഷ്യജീവിതത്തെ ആവാഹിക്കുന്നത്, മറിച്ച് സമാനതകൾ ഉൾവഹിക്കുന്ന ധാരാളം സംഭവമുഹൂർത്തങ്ങളുടെ പിരിവു കോണിയായാണ് ചരിത്രം മനുഷ്യന്റെ സാമൂഹിക നൈരന്തര്യത്തിൽ ഇടംപിടിക്കുന്നത്. അകലെനിന്ന് നോക്കുമ്പോൾ മാത്രം ചിത്രീകരിക്കപ്പെടുകയും ഘടനാഭാവങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന ബോധ്യങ്ങളായാണ് ചരിത്രം പരിണമിക്കുന്നത്. അതിനാൽ തന്നെ വർത്തമാന ജീവിതത്തെ നോക്കിക്കാണേണ്ട നന്മയാർന്ന വശങ്ങൾ ഭൂതകാല ദിനങ്ങളിൽ നിന്നും ഓർത്തെടുക്കുക എന്നത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ധാർമിക ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്.
വർത്തമാന കാലുഷ്യങ്ങൾ ചരിത്രേതരവും അപരിഹാര്യവും ആണെന്ന് നിനച്ച് അവയെ പുതിയ സ്വരൂപങ്ങളായി കാണുന്നതിനുപകരം ഭൂതകാല ദിനങ്ങളിലെ വേരുകളിൽ നിന്ന് അവക്ക് പുതിയ മാനങ്ങൾ കണ്ടെത്തി ധാർമിക പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നത് മഹോന്നതമായ സാമൂഹ്യ ദൗത്യമായി മാറുന്നത് കൊണ്ടാണ് ചരിത്രത്തിനും ചരിത്രകാരന്മാർക്കും സമൂഹത്തിൽ അദ്വിതീയമായ സ്ഥാനം കൽപിക്കുന്നത്. മതങ്ങൾ തമ്മിൽ തല്ലി നശിക്കാനുള്ള ഉപാധികൾ മാത്രമായി രൂപപ്പെടുന്ന സമകാലിക സാമൂഹിക പശ്ചാത്തലത്തിൽ കേരളത്തിലെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കാസർകോട് പ്രദേശങ്ങളിലെ മതസൗഹാർദ്ദ വേദികളെ ചരിത്ര വേരുകളിൽ നിന്ന് തപ്പിയെടുക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ പ്രബന്ധത്തിൽ നിർവഹിക്കുന്നത്.
കേരളത്തിൽ പ്രശസ്തമായ അറക്കൽ രാജവംശത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രങ്ങൾ പോലെ തന്നെ ഹിന്ദു-മുസ്ലിം രക്തബന്ധത്തിന്റെ ഒരു താൾ കാസർകോട്ടെ സാവുക്കർ കുഞ്ഞിപ്പക്കി-മായിപ്പാടി രാജവംശ ബന്ധത്തിന്റെ ചരിത്രത്തിലും കാണാൻ കഴിയും. കോലത്തിരിയുടെ നായർ പ്രധാനികളിൽ ഒരാളും മന്ത്രിയുമായ അരയൻ കുളങ്ങര നായർ ഇസ്ലാംമതത്തിൽ ചേർന്ന് മുഹമ്മദലി എന്ന പേര് സ്വീകരിക്കുകയും കോലത്തിരി കോവിലകത്തെ ഒരു രാജകുമാരിയുമായി പ്രേമബദ്ധരായതിനെ തുടർന്ന്  അവരുടെ വിവാഹം രാജാവുതന്നെ നടത്തിക്കൊടുക്കുകയും രാജകീയ ആഡംബരങ്ങളോടെ ഒരു കൊട്ടാരം പണിയിച്ച് താമസിപ്പിക്കുകയും ചെയ്തു എന്നാണ് അറക്കൽ രാജവംശവുമായി ബന്ധപ്പെട്ട ഒരു ചരിത്ര പക്ഷം. മറ്റൊന്ന് കോലത്തിരി വംശത്തിലെ ഒരംഗം ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം സ്ഥാപിച്ചതാണ് ഈ രാജകുടുംബം എന്നുമാണ്.
വളരെ കൗതുകത്തോടെ വീക്ഷിക്കാവുന്ന ഒരു അഭിപ്രായം ഇങ്ങനെയാണ്; കോലത്തിരി വംശത്തിലെ ഒരു കന്യക കുളിച്ചുകൊണ്ടിരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിൽ വീണുവെന്നും വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന ആ തമ്പുരാട്ടിയെ വഴിയെ പോയ ഒരു മുസ്ലിം യുവാവ് രക്ഷിച്ചപ്പോൾ തന്റെ ജീവൻ രക്ഷിച്ച ആ യുവാവിനെ തന്നെ വിവാഹം കഴിക്കാൻ അവൾ നിർബന്ധം പിടിക്കുകയും ഇങ്ങനെ ഉത്ഭവിച്ചതാണ് അറയ്ക്കൽ രാജവംശം എന്നുമാണ്.
ലിഖിതമായി ലഭ്യമല്ലാത്ത പല ചരിത്രങ്ങളും ധാരാളം അഭിപ്രായങ്ങളുടെയും തലമുറകളായി കൈമാറി വരുന്ന  ഐതിഹ്യങ്ങളുടെയും സങ്കലനമായി നില നിൽക്കലാണ് പതിവ്. അറക്കൽ രാജവംശത്തിന്റെ ചരിത്രത്തിൽ അവസാനം പറഞ്ഞ അഭിപ്രായത്തോട് ചേർന്നുനിൽക്കുന്ന ചരിത്രമാണ് മായിപ്പാടി രാജവംശത്തിന്റെയും കുഞ്ഞിപ്പക്കി കുടുംബത്തിന്റെയും ബന്ധങ്ങളിൽ കാണാൻ കഴിയുന്നത്.
സാവുക്കർ കുഞ്ഞിപ്പക്കി
കാസർകോട് മൊഗ്രാലിലെ നാടുവാഴി ആയിരുന്നു സാവുക്കർ കുഞ്ഞിപ്പക്കി. 1932 ൽ കാലംചെയ്ത സാവുക്കർ പക്കിക്ക് മരണസമയം നൂറ് വയസ്സായിരുന്നു എന്ന അഭിപ്രായം നിലനിൽക്കുന്നതിനാൽ 1832 ൽ ജനിച്ചതാവാം എന്ന് അദ്ദേഹത്തിന്റെ പേരക്കുട്ടിയുടെ മകനായ ഇന്ന് മൊഗ്രാൽ പുതിയപുര വീട്ടിൽ താമസിക്കുന്ന ബഷീർ അഹ്മദ് സിദ്ദിഖ് അഭിപ്രായപ്പെടുന്നു. ലിഖിതമായ ചരിത്രം ഏതൊന്നും തന്നെ നിലവിലില്ലെന്നും തന്റെ പക്കലുള്ള തലമുറയായി കൈമാറിക്കിട്ടിയ അൽപം അറിവ് മാത്രമാണ് ഇന്ന് ഈ കുടുംബത്തെക്കുറിച്ചുള്ള ചരിത്രമായി നിലനിൽക്കുന്നതെന്നും ബഷീർ പറയുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ പൂർവാർധത്തിൽ മയ്യഴിയിൽ നിന്ന് കച്ചവടത്തിനായി കുമ്പളക്കടുത്ത കുമ്പോലിൽ വന്ന് പണ്ടികശാല സ്ഥാപിച്ച് വ്യാപാരം നടത്തിയിരുന്ന വണിക് പ്രമുഖൻ കുമ്പോൽ ഫക്കിക്കയുടെ പേരക്കുട്ടിയാണ് സാവുക്കർ കുഞ്ഞിപ്പക്കി. മയ്യഴിയിൽ നിന്ന് കുടിയേറി വന്നതിനാൽ തന്നെ കുമ്പോൽ ഫക്കി മാഹിപ്പക്കി എന്ന പേരിലും അറിയപ്പെട്ടിരുന്നു. പണ്ഡിതൻ എന്നർത്ഥമുള്ള ഫക്കീഹ് എന്ന് അറബി നാമം ലോപിച്ചാണ് പക്കി എന്ന പേര് രൂപം കൊണ്ടത്.
കാസർകോട്ടെ കുമ്പളയിൽ നിന്ന് മൊഗ്രാലിലേക്ക് പക്കി കുടുംബം കുടിയേറുന്നത് സാവുക്കർ കുഞ്ഞിപ്പക്കിയുടെ പിതാവായ കുഞ്ഞാമു ഹാജിയുടെ കാലത്താണ്. നാട്ടിലെ പ്രമാണികളായ പക്കി കുടുംബം ടിപ്പുസുൽത്താനുമായുള്ള ബന്ധത്തിലൂടെയാണ് കൂടുതൽ പ്രശസ്തിയിലേക്കുയർന്നത്.
മായിപ്പാടി രാജവംശം
ഇന്നത്തെ കാസർകോട് താലൂക്കും മറ്റു ചില പ്രദേശങ്ങളും ഉൾപ്പെടുന്ന ചെറിയൊരു പ്രവിശ്യയായിരുന്നു മായിപ്പാടി രാജ്യം അല്ലെങ്കിൽ കുമ്പള സീമ എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയും പടിഞ്ഞാറ് മൊഗ്രാൽ മുതൽ (അറബിക്കടലിന് അടുത്ത്) കിഴക്ക് പശ്ചിമഘട്ടത്തിന്റെ താഴ് -വാരത്തിലുള്ള അടൂർ വരെയും ഈ രാജ്യത്തിന്റെ ഭാഗമായിരുന്നു. അറുപത്തിനാലോളം തുളു മലയാള ഗ്രാമങ്ങൾ കുമ്പള സീമയിൽ ഉൾപ്പെട്ടിരുന്നു.
‘രാമന്തരസുഗലു’ എന്ന സ്ഥാനപ്പേരിലാണ് കുമ്പള സീമ ഭരിച്ചിരുന്ന രാജാക്കന്മാർ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ കിരീടധാരി പതിമൂന്നാം രാമന്തരസുഗലുവായ ദാന മാർത്താണ്ഡവർമയാണ്.  പതിനൊന്നാം രാമന്തരസുഗലുവായ വെങ്കടേശ വർമരാജയായിരുന്നു ഔദ്യോഗികമായി രാജ്യം ഭരിച്ച അവസാനത്തെ രാജാവ്. 1936ൽ തന്റെ പതിനാറാം വയസ്സിൽ രാജ്യം ഏറ്റെടുത്ത അദ്ദേഹം 1994 ൽ എഴുപത്തിനാലാം വയസ്സിലാണ് മരണപ്പെടുന്നത്. അമ്പത്തെട്ടു വർഷക്കാലം രാജാവായിരുന്ന ഇദ്ദേഹമാണ് കേരളചരിത്രത്തിൽ ദീർഘനാൾ രാജ്യം ഭരിച്ച രാജാവ് എന്ന് പറയപ്പെടുന്നുവെങ്കിലും സ്വാതന്ത്ര്യലബ്ധിയോടെ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടതിനാൽ അക്കാര്യത്തിന് അത്ര പ്രസക്തിയില്ല. ധാരാളം സാമൂഹ്യ പരിവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തിയാണ് വെങ്കടേഷ് വർമരാജയെന്ന് ദാന മാർത്താണ്ഡവർമയുടെ മരുമകനും കൊട്ടാരം നടത്തിപ്പുകാരനുമായ രഘുറാം വർമരാജ് പറയുന്നു.
മായിപ്പാടി സ്കൂളിന് ആദ്യമായി കെട്ടിടം പണിതു നൽകിയത് അദ്ദേഹമായിരുന്നു. അതിനുമുമ്പ് കൊട്ടാരസമുച്ചയത്തിനു മുന്നിലുള്ള പഠിപ്പുരയിലായിരുന്നു പാഠശാല പ്രവർത്തിച്ചിരുന്നത്. എല്ലാ ജാതിക്കാരെയും ക്ഷണിച്ചുകൊണ്ട് ഭക്ഷണവിതരണം നടത്തിയിരുന്നു. മിശ്രഭോജനമെന്ന് അതിനെപ്പറ്റി ഇന്ന് പറയപ്പെടുന്നുവെങ്കിലും കേവലം ഭക്ഷണദാനം എന്നതിനപ്പുറം ജാതി വിവേചനത്തിനെതിരെയുള്ള നീക്കമായിരുന്നുവെന്ന് അറിയാൻ കഴിയുന്നില്ല. കാരണം ഇന്നും നവരാത്രിയുടെ ഭാഗമായി നടക്കുന്ന നീണ്ടകാലത്തെ ചടങ്ങുകളിൽ വിവിധ വിഭാഗങ്ങൾ പങ്കെടുക്കുകയും തങ്ങളുടെ ജാതിക്ക് അനുസൃതമായ കർമങ്ങൾ സ്വയം സന്നദ്ധതയോടെ നിർവഹിച്ച് പോകുന്നുവെന്നും രഘുറാം വർമരാജ് പറയുന്നുണ്ട്. ആരും ജാതി ചോദിക്കാറില്ലെന്നും പക്ഷേ തങ്ങളുടെ ജാതിക്കനുസരിച്ചാണ് എല്ലാവരും സേവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ രാജഗോപാലാചാരി, വിനോബ ഭാവെ തുടങ്ങിയ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു വെങ്കടേഷ് വർമരാജ്. രാജഗോപാലാചാരി കൊട്ടാരം സന്ദർശിക്കുകയും അവിടെ തങ്ങുകയും ചെയ്തിരുന്നു. മദ്രാസ്  ഗവർണറായിരുന്ന ആർഥർ ഹോപ്പും ഭാര്യ ലേഡി ആർഥർ ഹോപ്പും കൊട്ടാരം സന്ദർശിച്ചിരുന്നതായി വെങ്കടേശ് വർമരാജിന്റെ മകനായ ടിഎൻ ഗോപിനാഥ് ഓർക്കുന്നു. ഇന്ന് കാസർകോട് പെർഡാലയിൽ സ്ഥിതിചെയ്യുന്ന നവജീവൻ ഹൈസ്കൂളിന്റെ സ്ഥാപകാധ്യക്ഷൻ ആയിരുന്നു വെങ്കടേഷ് വർമരാജ. അദ്ദേഹം ധാരാളം ഭൂമികൾ വിവിധ ആവശ്യങ്ങൾക്കായി ദാനം ചെയ്തിരുന്നു. ബേളയിലെ ചർച്ചിനു വേണ്ടി ഭൂമി നൽകിയതിന്റെ രേഖകളുണ്ടെന്നും രഘുറാം വരമരാജ് അവകാശപ്പെടുന്നു. മായിപ്പാടി രാജാവിന്റെ പേരിലറിയപ്പെടുന്ന ആറോളം കൊട്ടാരങ്ങൾ ഉണ്ടായിരുന്നു. ബദഗു അരമന, പദുസൂത്ര, ബദഗു നൽകു സൂത്ര, തെങ്കു നൽകു സൂത്ര, ഹൊസ മാളിക, തെക്കെ മാളിക എന്നിവയാണവ. വെള്ളപ്പൊക്കം, തീപിടിത്തം തുടങ്ങിയ കാരണത്താൽ ഭാഗികമായി  നശിക്കുമ്പോൾ പുതിയ ഒന്ന്  നിർമ്മിക്കുകയായിരുന്നു.
ടിപ്പുവിൻറെ പടയോട്ടം; ചില വഴിത്തിരിവുകൾ
ഹൈദരാലിയുടെ മലബാർ അധിനിവേശം 1760 കൾ മുതലേ കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കാസർകോട്ട് മിക്കയിടങ്ങളും ടിപ്പുവിന്റെ കാലത്താണ് മൈസൂർ ഭരണത്തിനു കീഴിലാവുന്നത്. ടിപ്പുവിന്റെ വരവ് വളരെ ഭയത്തോടെയായിരുന്നു മായിപ്പാടി രാജാവും ജനങ്ങളും പ്രതീക്ഷിച്ചത്. നാട്ടുരാജ്യങ്ങൾ ഓരോന്നും കീഴടക്കി തന്റെ പ്രവിശ്യ വികസിപ്പിക്കുക അല്ലാതെ മറ്റ് ആക്രമണ ഉദ്ദേശ്യമൊന്നും ടിപ്പുവിന് ഉണ്ടായിരുന്നില്ലെന്ന് ബഷീർ അഹ്മദ് പറയുന്നു.
ചരിത്രത്തിൽ ഏറെ വക്രീകരിക്കപ്പെട്ട ടിപ്പുവിന്റെ പടയോട്ടത്തെ സംബന്ധിച്ച് രഘുറാം വർമരാജ പറയുന്നത് ടിപ്പുവിന്റെ വരവ് സാധാരണ എല്ലാ രാജാക്കന്മാരെയും പോലെ രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നുവെന്നാണ്. അദ്ദേഹം പറയുന്നു: “ബ്രിട്ടീഷുകാർ വന്ന് വിവിധയിടങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയതിനുശേഷമാണ് ടിപ്പു ആയാലും അദ്ദേഹത്തിൻറെ പിതാവ് ഹൈദർ ആയാലും അധിനിവേശത്തിന് തുടങ്ങുന്നത്. ബ്രിട്ടീഷുകാരുടെ കീഴിൽ പെടുന്നതിനു മുന്നേ നാട്ടുരാജ്യങ്ങളെ കീഴടക്കി തങ്ങളുടെ വരുതിയിലാക്കി നിലനിർത്തുക എന്ന നല്ലഉദ്ദേശമായിരിക്കാം അവർക്കുണ്ടായിരുന്നത്. ടിപ്പു തന്റെ പ്രധാനമന്ത്രി പൂർണയ്യയുടെ കൂടെയാണല്ലോ ഇതൊക്കെ ചെയ്തത്.”
ടിപ്പുവിൻറെ പടയോട്ടവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. മംഗലാപുരം കീഴടക്കി ടിപ്പു മായിപ്പാടി രാജ്യം കീഴടക്കാൻ വരുമെന്ന് ഭയപ്പെട്ടുകൊണ്ട് മായിപ്പാടി രാജാവും ജനങ്ങളും മൂഢപ്പ സേവയിൽ ഏർപ്പെട്ടുവെന്നും പടനയിച്ചു കൊണ്ട് മായിപ്പാടി രാജ്യത്തിന്റെ ഭാഗവും തൊട്ടടുത്ത പ്രദേശവുമായ മധൂർ ക്ഷേത്രത്തിലെത്തിയ ടിപ്പുവിന് നന്നായി ദാഹം അനുഭവപ്പെടുകയും ക്ഷേത്രക്കുളത്തിൽ നിന്ന് വെള്ളം കുടിച്ച ടിപ്പുവിന് മനസാന്തരം വന്ന് മടങ്ങിപ്പോയെന്നുമാണ് ഐതിഹ്യം. മടങ്ങുന്ന സമയത്ത് താൻ വന്നതിന്റെ അടയാളമായി ടിപ്പു ക്ഷേത്രമേൽക്കൂരയിൽ വാൾ കൊണ്ട് ചെറിയൊരു അടയാളം പതിച്ചത് ഇന്നും മധൂർ ക്ഷേത്രത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
ഐതിഹ്യത്തിൽ പറയുന്നത് പോലെ തന്നെ ടിപ്പു മായിപ്പാടിരാജ്യം കീഴടക്കിയിട്ടില്ലെന്നാണ് രഘുറാം വർമരാജ്  വിശ്വസിക്കുന്നത്. എന്നാൽ ടിപ്പു ഒരു രാജ്യം കീഴടക്കുകയെന്നുവച്ചാൽ യുദ്ധം ചെയ്ത് നാശനഷ്ടങ്ങൾ വരുത്തണമെന്ന് അർത്ഥമില്ലെന്നും മറിച്ച് ചുങ്കം ഏർപ്പെടുത്തി തന്റെ വരുതിയിലാക്കുകയാണ് ചെയ്യുന്നതെന്നും ബഷീർ അഹ്മദ് പറയുന്നു. അപ്രകാരം മായിപ്പാടി രാജ്യവും ടിപ്പുവിന് ചുങ്കം നൽകാൻ വിധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മറ്റു ചില കാര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ബഷീർ അഹ്മദ് പറയുന്നതിനോടാണ് ശരി കൂടുതൽ അടുത്തിരിക്കുന്നതെന്നും കാണാം. ടിപ്പുസുൽത്താൻ മംഗലാപുരം കീഴടക്കിയപ്പോൾ കുമ്പള രാജാവ് പേടിച്ചു രാജ്യംവിട്ടു തലശ്ശേരിയിലേക്ക് ഓടിയെന്നും 1799 ൽ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാർ ഭരണം ഏറ്റെടുക്കുന്നതോടെയാണ് അദ്ദേഹം തിരിച്ചു വന്നതെന്നും ഒരു നാട്ടുകേൾവി നിലനിൽക്കുന്നുണ്ട്. ഈ നാട്ടു കേൾവിക്ക് ആസ്പദമായ സംഭവം നടന്നിരുന്നോ എന്ന അന്വേഷണത്തിന് ഉത്തരമായി സാവുക്കർ കുഞ്ഞിപ്പക്കി- മായിപ്പാടി രാജവംശബന്ധം വരുമ്പോൾ ചരിത്രത്തിന് കൂടുതൽ തെളിച്ചം ലഭിക്കുന്നതായി കാണാം.
മായിപ്പാടി രാജവംശവും പക്കികുടുംബവും ; ഒരു രക്തബന്ധ യാഥാർത്ഥ്യം 
പക്കികുടുംബത്തിന്റെ പ്രൗഢമായ ചരിത്രം കുമ്പോൽപക്കിയിൽ നിന്ന് തന്നെ തുടങ്ങുന്നുണ്ടെങ്കിലും 1932ൽ മരണപ്പെട്ട സാവുക്കർ കുഞ്ഞിപ്പക്കിയാണ് പക്കികുടുംബ ചരിത്രത്തിൽ മുഴച്ചുനിൽക്കുന്ന വ്യക്തിത്വം. സാവുക്കർ കുഞ്ഞിപ്പക്കി ജനിച്ചത് 1832 ൽ ആണെന്ന് കണക്കാക്കുമ്പോൾ ടിപ്പുസുൽത്താനുമായുള്ള ബന്ധം സാവുക്കറിന്റെ പൂർവികർക്കാണെന്നു കാണാൻ കഴിയും. പിതാവായ കുഞ്ഞാമു ഹാജിയോ അവരുടെ പിതാവായ കുമ്പോൽപക്കിക്കയെന്ന മാഹിപ്പക്കിയോ ടിപ്പുവുമായി അടുത്തബന്ധം പുലർത്തിയവരായിരുന്നു.
പടനയിച്ചു വന്ന ടിപ്പുവിന്റെ സൈനികർക്ക് ആവശ്യമായ റേഷൻ നൽകുവാൻ ടിപ്പു സാവുക്കർ പക്കിയുടെ പൂർവ്വികരെയാണ് ഏൽപ്പിച്ചത്. നാട്ടിലെ പ്രാമാണിത്തത്തിനുപുറമേ ടിപ്പുവുമായുള്ള ഈ ബന്ധം പക്കികുടുംബത്തെ നാട്ടിലെ ‘വാഴുന്നോർ’ എന്ന ഉയർന്ന പദവിയിലേക്ക് നയിച്ചിരിക്കാം. തനിക്കു ചെയ്ത സേവനത്തിനു പകരമായി ടിപ്പു പക്കികുടുംബത്തിനു തന്റെ ഒരു പീരങ്കി സമ്മാനിക്കുകയുണ്ടായി. ആ പീരങ്കി ഇന്നും ബഷീറിന്റെ വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ തറയിൽ കിടപ്പുണ്ട്.
പക്കികുടുംബത്തിന്റെ മായിപ്പാടി രാജവംശവുമായുള്ള ബന്ധം വളരെ കൗതുകകരമാണ്. ബഷീർ അഹ്മദ് പറയുന്നു: “വളരെ വ്യക്തമല്ലെങ്കിലും നൂറ്റാണ്ടുകളുടെ ബന്ധമാണ് നമ്മളും മായിപ്പാടി രാജവംശവും തമ്മിലുള്ളത്. എന്നുവെച്ചാൽ മായിപ്പാടി രാജകുടുംബത്തിലെ ഒരംഗമായിട്ടാണ് നമ്മൾ അറിയപ്പെടുന്നത്. അതിനു കാരണമായി നിലനിൽക്കുന്ന ചരിത്രം ഇതാണ്. സാവുക്കർ കുഞ്ഞിപ്പക്കിയുടെ പൂർവികർ (കുഞ്ഞാമു ഹാജിയോ കുമ്പോൽ ഫക്കിക്കയോ ആവാം) മായിപ്പാടി രാജകുടുംബത്തിലെ ഒരു അനന്തിരവളെ കല്യാണം കഴിച്ചിട്ടുണ്ട്. ഏതോ ഒരു ആചാരപ്രകാരം പെൺകുട്ടിക്ക് ഭ്രഷ്ട് കൽപ്പിക്കപ്പെട്ടപ്പോൾ അവർക്ക് അതിനുള്ള ഏക പരിഹാരം ബ്രാഹ്മണ ജാതിക്ക് പുറത്തുള്ള തതുല്യ പദവിയുള്ള ഒരു കുടുംബവുമായി പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചുവിടുക എന്നത് മാത്രമായിരുന്നു. അങ്ങനെ സാവുക്കറിന്റെ പൂർവികർ ആ പെൺകുട്ടിയെ കല്യാണം കഴിച്ചതിനാൽ നമ്മൾ മായിപ്പാടി രാജവംശത്തിൽ ഒരംഗമായി മാറി.”
രഘുറാം വർമരാജിന് അല്പം വ്യക്തതയോടെ തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. ഒന്ന്, പഴയ ബ്രാഹ്മണകുടുംബത്തിൽ കർക്കശമായ ആചാരങ്ങൾ നിലനിൽക്കുന്നതിനാൽ ആർത്തവകാരികളായ സ്ത്രീകൾക്ക് ഭ്രഷ്ട് കൽപിക്കുമായിരുന്നു. അങ്ങനെ ഭ്രഷ്ട് കൽപിക്കപ്പെട്ട പെൺകുട്ടിയെ പക്കികുടുംബം പോറ്റി വളർത്തി പിന്നീട് കല്യാണം കഴിച്ചത് ആകാം.
രണ്ട്, ഏതോ യുദ്ധത്തിന് കുടുംബസമേതം പോയസമയത്ത് പെൺകുട്ടിയെ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ വീടിനു വെളിയിൽ  കഴിഞ്ഞതിനാൽ പിന്നീട് പെൺകുട്ടിയെ തിരിച്ചെടുക്കുന്നത്‌ ആചാരപ്രകാരം ശരിയല്ലാത്തതിനാൽ പക്കികുടുംബത്തിനുതന്നെ വിട്ടുകൊടുക്കുകയായിരുന്നു. പക്ഷേ എല്ലാ അവകാശങ്ങൾ വകവെച്ചു കൊടുക്കുകയും ചെയ്തു.
രഘുറാം വർമരാജിന്റെ രണ്ടാമത്തെ അഭിപ്രായത്തിന് നേരത്തെ ഉദ്ധരിച്ച നാട്ടുകേൾവിയുമായി കൂടുതൽ അടുപ്പം ഉള്ളതായി കാണാം. അപ്പോൾ ചരിത്രം ഇങ്ങനെ വരുന്നു; ടിപ്പുവിനെ ഭയപ്പെട്ട് തലശ്ശേരിയിലേക്ക് ഓടിമറഞ്ഞ മായിപ്പാടി രാജാവിന്റെ അനന്തിരവൾ പക്കികുടുംബത്തിന് ലഭിക്കാൻ ഇടയാവുകയും അവർ പോറ്റിവളർത്തി കല്യാണം കഴിക്കുകയും ചെയ്തതാകാം.
ടിപ്പു സമ്മാനിച്ച പീരങ്കി ബഷീർ അഹ്മദിന്റെ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരിക്കുന്നു
മധൂർ ക്ഷേത്രത്തിൽ ടിപ്പുവിന്റെ വാൾ പതിഞ്ഞ സ്ഥലം

 

രാജകീയ പ്രൗഢിയോടെ സാവുക്കർ കുടുംബം
1799 ൽ ടിപ്പുവിൻറെ മരണശേഷം ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചതോടെ മടങ്ങിവന്ന മായിപ്പാടി രാജകുടുംബവുമായി പക്കികുടുംബം രക്തബന്ധം സ്ഥാപിച്ചതോടെ കൊട്ടാരത്തിൽ ഒരു ഇരിപ്പിടം മൊഗ്രാലിലെ പക്കികുടുംബത്തിനു സ്വന്തമായി. മരുമക്കത്തായ ദായക്രമം പിന്തുടർന്നിരുന്ന രാജകുടുംബത്തിനു പക്കികുടുംബത്തെ അവഗണിക്കാൻ കഴിയില്ലായിരുന്നു.
ബ്രിട്ടീഷുകാർക്ക് മുമ്പിലും സാവുക്കർ കുടുംബം തല ഉയർത്തി നിന്നു. ‘സാവുക്കർ’ എന്ന സ്ഥാനപ്പേര് ‘ഖാൻ ബഹദൂർ’ എന്നതുപോലെ ബ്രിട്ടീഷുകാർ നൽകിയതാവാമെന്ന് ബഷീർ അഹ്മദ് അഭിപ്രായപ്പെടുന്നു. മായിപ്പാടി രാജകുടുംബത്തിൽ പക്കികുടുംബത്തിന് പ്രത്യേകം ഇരിപ്പിടം അനുവദിച്ചിരുന്നത് പോലെ ബ്രിട്ടീഷ് കോടതിയിൽ സാവുക്കർ പക്കിക്കും പ്രത്യേക ഇരിപ്പിടമുണ്ടായിരുന്നു. മൊഗ്രാലിലെ ഗ്രാമകോടതി കൂടിയിരുന്നത് സാവുക്കറിന്റെ പടിപ്പുരയിലായിരുന്നു. -മൊഗ്രാൽ പുഴയ്ക്കടുത്ത് കിഴക്കോട്ട് മുഖംതിരിഞ്ഞു നിൽക്കുന്ന കൂറ്റൻ മാളിക-  പടിപ്പുര മാളികയിൽ അഴികളോടുകൂടിയ കോടതി കൊട്ടിൽ ഉണ്ടായിരുന്നു.
കോടതി കൊട്ടിൽ
പടിപ്പുരയിൽ കേസ് തീർപ്പായില്ലെങ്കിൽ രാജസന്നിധിയിൽ ആണ് പിന്നത്തെ വിധി. ഉപ്പുപ്പാൻറെ ഓർമ്മക്കായി ഇപ്പോഴും ബഷീർ അഹ്മദ് പടിപ്പുര അതേപടി നിലനിർത്തിയിട്ടുണ്ട്. 1917 ൽ അന്നത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന മൊണ്ടഗു പ്രഭുവിന് കാസർകോട് ടൗൺ മുസ്‌ലിംകളുടെ പേരിൽ ടെലഗ്രാം വഴി സ്വാഗതം അറിയിച്ചതിനു നന്ദി സൂചകമായി ആ സംഘത്തിന്റെ ചെയർമാൻ ആയിരുന്ന സാവുക്കറിന് മൊണ്ടഗു തിരിച്ച് അയച്ച ടെലഗ്രാം ബഷീറിന്റെ കയ്യിൽ ഇന്നും സൂക്ഷിച്ചിരിപ്പുണ്ട്.
സാവുക്കർ പക്കിക്ക് മൊണ്ടഗു പ്രഭുവിൽ നിന്ന് ലഭിച്ച ടെലഗ്രാം

മായിപ്പാടി രാജകുടുംബത്തിന്റെ അധികാര മേഖലകളിലെല്ലാം സാവുക്കർ കുടുംബത്തിനും പ്രവേശനമുണ്ടായി. ഇന്നും പക്കികുടുംബ പ്രതിനിധിയായി പട്ടാഭിഷേകത്തിലും ക്ഷേത്ര കർമ മേൽനോട്ടത്തിലും ബഷീർ അഹ്മദ് പങ്കെടുക്കുന്നു. മായിപ്പാടി രാജകുടുംബത്തിന് അധികാരമുള്ള മധൂർ ശ്രീ സിദ്ധിവിനായക ക്ഷേത്രം, കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രം, മുജിങ്കാവ് ഭഗവതി ക്ഷേത്രം,  അടൂർ മഹാലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ബഷീറിന്റെ സാന്നിധ്യം കൂടാതെ കർമ്മങ്ങൾ നിർവഹിക്കുക വയ്യ.
കൊട്ടാരവുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ദൈവസ്ഥാനം ബ്രഹ്മസ്ഥാനം, പ്രതിഷ്ഠകൾ, തെയ്യംകെട്ട് തുടങ്ങിയ അനുഷ്ഠാനങ്ങൾക്കെല്ലാം ബഷീറിന് ക്ഷണമെത്തുകയും പങ്കെടുക്കുകയും ചെയ്യുന്നു.
ബഷീർ അഹ്മദ് മായിപ്പാടി കൊട്ടാരത്തിലെ പട്ടാഭിഷേകത്തിൽ

 

പ്രതിഭാധനനായ സാവുക്കർപക്കി
പണ്ഡിതൻ, രാഷ്ട്രതന്ത്രജ്ഞൻ, കുടുംബകാരണവർ എല്ലാമായ സാവുക്കർ കുഞ്ഞിപ്പക്കി വലിയൊരു ഭിഷഗ്വരനും സാഹിത്യ നിപുണനുമായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ സമകാലികനായിരുന്ന സാവുക്കറിനെ സന്ദർശിക്കാൻ തറവാട്ടിലേക്ക് മോയിൻകുട്ടി വൈദ്യർ എത്തിയിരുന്നു. മാപ്പിളപ്പാട്ട് സ്നേഹിയായിരുന്ന സാവുക്കറിന്റെ മകനാണ് മാപ്പിളപ്പാട്ട് രചയിതാവായ ബാലാമു ബ്നു പക്കി. കുഞ്ഞാമു എന്ന തന്റെ പേരിനെ സമാനാർത്ഥ പദമായ ബാലാമു (ബാലൻ) എന്ന് അദ്ദേഹം തന്നെ വിളിക്കുകയായിരുന്നു.
ദൈവവിശ്വാസത്തെ സംബന്ധിക്കുന്ന ‘അഖീദമാല’ എന്ന പതിനഞ്ച് പേജോളം വരുന്ന കാവ്യം സാവുക്കർ പക്കിയുടേതായി ബഷീർ അഹ്മദിന്റെ പക്കൽ സൂക്ഷിച്ചിരിപ്പുണ്ട്. എഴുത്തുകാരൻ എം എ റഹ്മാൻ ഭാഷാപോഷിണിയിൽ എഴുതിയ ലേഖനത്തിൽ സാവുക്കറിനെക്കുറിച്ച് ഇങ്ങനെ വായിക്കാം;
“ഉപ്പ മൊഗ്രാലിൽ നിന്ന് ജന്മിയെ ( സാവുക്കറിനെ ) കണ്ടു മടങ്ങി വരുമ്പോൾ നിറയെ കഥകൾ കൊണ്ടുവന്നു. മാപ്പിളപ്പാട്ടും സൂഫി ഐതിഹ്യങ്ങളും പുരാവൃത്തങ്ങളും നിറഞ്ഞ ഒരു മാന്ത്രിക ഭൂമിയായി അന്നുമുതലേ എന്റെ ഉള്ളിൽ മൊഗ്രാൽ കുടിയേറി. മുളവടിയിൽ ഗുളികകളുമായി ചികിത്സിക്കാനായി ഊരുചുറ്റുന്ന ആജാനുബാഹുവായ സാവുക്കർ കുഞ്ഞിപ്പക്കി ഒരു മിത്തിക്കൽ രൂപമായ് ഉള്ളിൽ ജ്വലിച്ചുനിന്നു. അഞ്ച് ഭാഷകളിൽ അയാൾ എഴുതിയ കവിതകളിൽ ചിലത് ഞങ്ങളുടെ നാട്ടിലേക്ക് ഉപ്പളയിൽ നിന്ന് കുടിയേറിയ ഒരു തുറുക്കൻ സായവ് പാടാറുണ്ടായിരുന്നു.
……..സാവുക്കർ കുഞ്ഞിപ്പക്കിയുടെ മകൻ ബാലാമു ബ്നു പക്കിയെപറ്റി ഒരുപാട് ഐതിഹ്യകഥകൾ ഉണ്ടായിരുന്നു. ‘സൂഫി പാരമ്പര്യത്തിൽ പെട്ട ഒരു കവി. മരിച്ചപ്പോൾ പാടിപ്പാടി ആകാശത്തിലേക്ക് ഉയർത്തപ്പെട്ടതാണെന്ന ഒരു ശ്രുതി പരന്നു’.” (ഭാഷാപോഷിണി, ഏപ്രിൽ 2004)
‘ഹിജ്റ’ എന്ന അദ്ധ്യായം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് മോയിൻകുട്ടി വൈദ്യർ മരണപ്പെടുന്നത്. എന്നാൽ ആ കവിത പൂർത്തിയാക്കുന്നത് വൈദ്യരുടെ പിതാവ് ഉണ്ണി വൈദ്യനും ബാലാമുബ്നു പക്കിയും കൂടി ചേർന്നായിരുന്നു. പക്കിയുടെ തറവാട്ടിൽ വച്ചായിരുന്നു ഇത്. പിന്നീട് അവിടെ വെച്ച് തന്നെ കല്ലച്ചിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
സാവുക്കറിന്റെ അഖീദ മാല
സാവുക്കറിന്റെ കവിതാ സദസ്സിൽ കർണാടക, തുളു, കൊങ്ങിണി ഭാഷക്കാരുടെ സാന്നിധ്യം പതിവായിരുന്നു. വളരെ രസികനായിരുന്ന സാവുക്കാറിൽനിന്ന് തലമുറകളായി കൈമാറി കിട്ടിയ ചിമ്മിനിവിളക്കിനെ കുറിച്ചുള്ള ഒരു കടംകഥ ബഷീർ അഹ്മദ് ഓർത്തെടുക്കുന്നുണ്ട്.
പളുങ്കാലെയുള്ള, 
തിളങ്ങുന്നതായ, 
കുളത്തെ അനനളർത്തെ.
മഴവെള്ളം പോലെ തെളിവായ നീര്,
അതിലുണ്ട് കേൾ പെരുത്ത്.
കുളത്തിന്നടുവിൽ വെളുത്ത നിറത്തിൽ, 
ഒരുനാഗമുണ്ട് വലുതായ്.
വടിവൊത്ത സാംപ്, 
വായിൽ കടിത്ത്, 
ഒരു ദുറ് മഞ്ഞനിറമായ്.
കളവല്ലെതിന്റെ ഒളിവായ്,
ഇരുൾ വെളിവാകുമെന്നറിവ്.
കാറ്റേശിടുമ്പോൾ മാറ്റേറെയുള്ള, മുത്തപ്പോൾ മാഞ്ഞു പോകും.
കുളം തന്നിലുള്ള അരകം ഇരന്താൽ, 
സിർ വെണ്ണിരാകുമെന്നറിവ്.
ഉപസംഹാരം
ലിഖിത രൂപ പ്രാപ്തിയുടെ അഭാവത്താൽ വാമൊഴിയായി മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ധാരാളം ചരിത്ര സംഭവങ്ങൾ പുറംലോകമറിയാതെ ഇടമുറിഞ്ഞ് നാമാവശേഷമായി മാറുന്നുണ്ട്. അത്തരമൊരു ചരിത്ര സന്ധിയിലാണ് കാസർകോട്ടെ ജന്മിപ്രഭുവും സാമൂഹ്യ നായകനുമായിരുന്ന സാവുക്കർ കുഞ്ഞിപ്പക്കി കുടുംബത്തിന്റെ ഓർമകൾ.
കേവലം നാടുവാഴിയെന്ന നിലക്കല്ല ഈ കുടുംബത്തിന്റെ ചരിത്രാന്വേഷണം പ്രാധാന്യമർഹിക്കുന്നത്, മറിച്ച് ഹിന്ദു മുസ്ലിം ബന്ധത്തിന്റെ, മതസൗഹാർദ്ദത്തിന്റെ, ഊഷ്മളതയെ വരച്ചുകാട്ടുന്ന ചരിത്ര അടരുകളെ ഉൾവഹിച്ചുകൊണ്ട് സമകാലിക സാമൂഹിക കാലുഷ്യങ്ങൾക്ക് പരിഹാരമായി വർത്തിക്കാനുള്ള ചാലകശക്തിയായി മാറാൻ ഈ കുടുംബ പാരമ്പര്യത്തിന് കഴിയുമെന്നതിനാലാണ്. കാസർക്കോടിന്റെ സാംസ്കാരിക ഭൂമികയിൽ മാനവികതയുടെ ജൈവിക ചേതന നിലനിർത്താൻ കുഞ്ഞിപ്പക്കി കുടുംബത്തിന്റെ ഓർമ്മകൾ തുണയാവുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *