കൂട്ടത്തിൽ ചേരാത്തവൻ

Author: Italo Kalvino

Translated by, Shibli Abdussalam

Published in Tibaq.in

എല്ലാവരും കള്ളന്മാരായ ഒരു രാജ്യമുണ്ടായിരുന്നു. രാത്രിയാകുമ്പോൾ ഓരോ നിവാസികളും ഇരുമ്പു പാരയും, റാന്തലുമായി തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ച് കയറും. പുലർച്ചെ കൊള്ള മുതലുമായി മടങ്ങുമ്പോൾ തന്റെ വീടും കവർച്ച ചെയ്യപ്പെട്ടതായി ഓരോരുത്തരും മനസ്സിലാക്കും.

ഒരാൾ അടുത്തയാളെയും, അയാൾ അയാളുടെയടുത്തയാളെയും അങ്ങനെ അവസാനത്തെയാൾ ആദ്യത്തെയാളെ വരെ തുടർച്ചയായി മോഷ്ടിക്കുന്നതു കൊണ്ട് എല്ലാവരും അവിടെ ഐക്യത്തിൽ തന്നെ ജീവിച്ചു പോന്നു. ആരും തന്നെ ഒന്നുമില്ലാത്തവരായി ഉണ്ടായിരുന്നില്ല. ആ രാജ്യത്ത് കച്ചവടം എന്നത്, വാങ്ങലായാലും വിൽപനയായാലും, നെറികേടിന്റെ ഒരു പര്യായമായിരുന്നു. എല്ലാ ജനങ്ങളും ഭരണകൂടത്തെ വഞ്ചിക്കുക മാത്രം ചെയ്തു വന്നു, തിരിച്ച് ഭരണകൂടവും ജനങ്ങളെ പറ്റിക്കാനുള്ള ഒരു അന്യായ സംഘടന മാത്രമായി മാറുകയുമുണ്ടായി. അതുകൊണ്ടൊക്കെത്തന്നെ, ജീവിതം അതിന്റെ നിരാകുലമായ ഒരു ശ്രേണിയിലൂടെയും, ജനങ്ങൾ സമ്പന്നതയോ ദരിദ്രതയോ അല്ലാതെ ഒരു മിതാവസ്ഥയിലൂടെയും കടന്നു പോയി കൊണ്ടിരുന്നു.

എങ്ങനെയാണത് സംഭവിച്ചത് എന്നാർക്കുമറിയില്ല. ഒരു ദിവസം സത്യസന്ധനായ ഒരു മനുഷ്യൻ ആ രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. രാത്രിയിൽ പെട്ടിയും വിളക്കുമെടുത്ത് മോഷ്ടിക്കാൻ പുറത്തിറങ്ങുന്നതിനു പകരം അയാൾ വീടിനകത്തു തന്നെ കുത്തിയിരുന്നു പുകവലിക്കുകയും, നോവൽ വായിക്കുകയും ചെയ്തു. കള്ളന്മാർ ആ വീട്ടിലെത്തിയപ്പോൾ ഉള്ളിൽ വെളിച്ചം കാണുകയും അവിടെ പ്രവേശിക്കാതിരിക്കുകയും ചെയ്തു.

ഈയവസ്ഥ അധിക കാലം തുടർന്നില്ല. “ഇങ്ങനെ സ്വസ്ഥമായി ജീവിക്കുന്നത് തനിക്ക് സുഗമമായിരിക്കുമെങ്കിലും മറ്റുള്ളവരെ ജോലി ചെയ്യുന്നതിൽ നിന്നും തടയാൻ തനിക്ക് അവകാശമില്ലെന്ന്” എല്ലാവരും അയാളോട് പറഞ്ഞു. എങ്കിലും, എല്ലാ രാത്രിയും അയാൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. അക്കാരണം കൊണ്ട് തന്നെ, ഒരു കുടുംബം ദിനേന പട്ടിണിയായി കിടക്കുകയും ചെയ്തു..!

സത്യസന്ധൻ അവരോട് പ്രതികരിക്കാൻ മാത്രം പ്രാപ്തനായിരുന്നില്ല. എങ്കിലും, ഒടുവിൽ അയാളും രാത്രി വെളുക്കും വരെ വീടിനു പുറത്തിറങ്ങി നിൽക്കാൻ തുടങ്ങി. പക്ഷേ, ആരുടേയും ഒന്നും അപഹരിക്കാൻ അയാൾക്കായില്ല. അയാൾ സത്യസന്ധനായിരുന്നു. അങ്ങനെത്തന്നെയായിരുന്നു. അയാൾ എല്ലാ ദിവസവും അടുത്തുള്ള ഒരു പാലം വരെ പോവുകയും, താഴെയിലൂടെ ഒഴുകുന്ന വെള്ളം നോക്കി വെറുതെയങ്ങനെ നിൽക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ തന്റെ വീട് അപഹരിക്കപ്പെട്ടതായി അയാൾ തിരിച്ചറിയുകയും ചെയ്തു.

ഒരാഴ്ചക്കുള്ളിൽ തന്നെ യാതൊരു വിധ സമ്പത്തോ ആഹാരമോ ബാക്കിയില്ലാതെ സർവ്വതും അപഹരിക്കപ്പെട്ട ഒരു വീടുമായി ആ സത്യസന്ധൻ തനിച്ചായി. അയാളെ കുറ്റപ്പെടുത്താൻ പക്ഷേ, അയാളേ ഉണ്ടായിരുന്നുള്ളൂ. സാമ്പ്രദായിക രീതികളെ തകിടം മറിച്ച അയാളുടെ സത്യസന്ധത മാത്രമായിരുന്നു അവിടുത്തെ പ്രശ്നം. അയാൾ സ്വന്തം അവസരം ഉപയോഗപ്പെടുത്തിയില്ല. അതേ സമയം, തന്നെ അപഹരിക്കാൻ മറ്റുള്ളവർക്ക് അനുമതി നൽകുകയും ചെയ്തു. അതുകൊണ്ടൊക്കെത്തന്നെ, തലേ രാത്രി സത്യസന്ധൻ അപഹരിക്കേണ്ടിയിരുന്ന വീട് പ്രഭാതം വരേയും അവികലമായിത്തന്നെ നിലനിന്നു. സ്വാഭാവികമായും ഉടനെത്തന്നെ, അപഹരിക്കപ്പെടാത്ത വീടിന്റെ ഉടമസ്ഥർ മറ്റുള്ളവരേക്കാൾ സമ്പന്നരായി മാറുകയും അവർക്ക് ഇനിമേൽ മോഷണം ആവശ്യമില്ലാതായി വരികയും ചെയ്തു. മറു വശത്ത്, സത്യസന്ധന്റെ വീട് അപഹരിക്കാൻ വന്നവർ വെറും കൈയ്യോടെ തിരിച്ചു പോവുകയും ദരിത്രരായിത്തീരുകയും ചെയ്തുകൊണ്ടിരുന്നു.

അതേസമയം, സമ്പന്നരായിത്തീർന്നവർക്ക് അതിനോടകം തന്നെ രാത്രിയിൽ പുഴക്കരയിൽ പോയി പാലത്തിന് മുകളിൽ നിന്ന് വെള്ളത്തിലേക്ക് വെറുതെ നോക്കി നിൽക്കുന്ന സത്യസന്ധന്റെ സ്വഭാവം വന്നു കഴിഞ്ഞിരുന്നു. എന്നാൽ, അത് പ്രശ്നം വർദ്ധിപ്പിക്കുകയേ ചെയ്തുള്ളൂ. എന്തെന്നാൽ, അക്കാരണത്താൽ ഒരു ഭാഗത്ത് ഒരുപാടാളുകൾ ധനികരായിത്തീരുകയും, മറു ഭാഗത്ത് ഒരുപാടാളുകൾ ദരിദ്രരായിത്തീരുകയും ചെയ്തു.

ഇനി തങ്ങളുടെ രാത്രികൾ പുറത്തു പോയി പാലത്തിനടുത്തു ചെലവഴിക്കുകയാണെങ്കിൽ അവർ എത്രയും പെട്ടന്നു തന്നെ ദരിദ്രരായിത്തീരുമെന്ന് സമ്പന്നർ ഈ സന്ദർഭത്തിൽ മനസ്സിലാക്കി. “എന്തുകൊണ്ട് ദരിദ്രരിൽ നിന്നും ചിലരെ നമ്മൾക്കു വേണ്ടി മോഷ്ടിക്കാനായി കൂലിക്കു വിളിച്ചുകൂടാ?” എന്നവർ ചിന്തിച്ചു. വാഗ്ദാനങ്ങളും, ശമ്പളങ്ങളും, ശതമാനങ്ങളും (ഇരു ഭാഗങ്ങളിൽ നിന്നും തട്ടിപ്പ് ഇടപാടുകളോടു കൂടെ) ഉടലെടുക്കുവാൻ തുടങ്ങി (എല്ലാവരും കള്ളന്മാർ തന്നെയായിരുന്നല്ലോ). എന്നാൽ അന്തിമ ഫലം സമ്പന്നർ അതിസമ്പന്നരാവുകയും, ദരിദ്രർ അതിദരിദ്രരാവുകയും ചെയ്തു എന്നതു മാത്രമായിരുന്നു.

ചില സമ്പന്നർ സ്വയം മോഷ്ടിക്കുകയോ വേറൊരാളെ കൂലിക്കു വിളിച്ചു മോഷ്ടിപ്പിക്കുകയോ വേണ്ടാത്ത വണ്ണം സമ്പന്നരായിത്തീർന്നു. പക്ഷേ, മോഷണം നിർത്തുകയാണെങ്കിൽ അവർ എത്രയും പെട്ടെന്നു തന്നെ ദരിദ്രരായിത്തീരുമായിരുന്നു. ദരിദ്രർ അതു നോക്കി നിൽക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട്, മറ്റു ദരിദ്രരിൽ നിന്നും തങ്ങളുടെ സമ്പത്തുകൾ സംരക്ഷിക്കാൻ വേണ്ടി സമ്പന്നരായവർ ദരിദ്രരിൽ ദരിദ്രരെ (ദരിദ്രരെ വിളിച്ചാൽ അവർ സമ്പന്നരാവുമെന്ന് കരുതി) വിളിച്ചു കൂലിക്കു നിർത്താൻ തുടങ്ങി. അങ്ങനെ, രാജ്യത്ത് ഒരു പോലീസ് സേന തയ്യാറാക്കപ്പെടുകയും, ജയിലുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു.

വിഷയങ്ങൾ അങ്ങനെയൊക്കെയങ്ങ് മുന്നോട്ടു നീങ്ങി. സത്യസന്ധൻ വന്നതിനു കുറച്ചു വർഷങ്ങൾക്കു ശേഷം, ആരുടേയും സംസാരം കവർച്ചയെക്കുറിച്ചോ, കവർച്ച ചെയ്യപ്പെട്ടതിനെക്കുറിച്ചോ ആയിരുന്നില്ല. മറിച്ച്, അവർ സംസാരിച്ചതു മുഴുവൻ അവർ എത്രത്തോളം ധനികരാണെന്നതിനെക്കുറിച്ചും, പരാധീനരാണെന്നതിനെക്കുറിച്ചുമായിരുന്നു. എന്നിരിക്കിലും അവരൊരു പറ്റം മാറ്റമില്ലാത്ത കള്ളന്മാർ തന്നെയായിരുന്നു.

എന്നെന്നേക്കുമായി ഒരേയൊരു സത്യസന്ധനേ അവിടെയുണ്ടായിരുന്നുള്ളൂ. എന്നാൽ, പട്ടിണി കാരണം അയാളുടനെ മരണപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *