കുഞ്ഞിമ്മു

By Yasir Varappara, Imam Shafi College, Busthanabad,

Yaasirvpr403@gmail.com

Published in Sargavedi, Risala weekly

കുഞ്ഞിമ്മു
പോയ കാലത്തിൻറെ
അഴിയില്ലാ കൂട്ടിൽ നിന്നും
തൂലികയിലൂടെ
കവിതയായി നിർഗളിച്ചവൾ

അനിയൻറെ ഈറ്റുനോവിൽ
ഉമ്മച്ചി പിടയുമ്പോൾ
ഉമ്മയോളം വളർന്ന്
ഉമ്മയായി കൂട്ടിരുന്നവൾ

കളിയ്ക്കാൻ മഞ്ചാടിക്കുരുവും
കടിക്കാൻ പൊട്ടുപേരക്കയും
പെറുക്കിതന്ന്
ബാല്യത്തിൻറെ നർമ്മം പകർന്നവൾ

അന്തിപ്പായയിൽ
നബിക്കഥകളും പാട്ടുകളുമായി
നബിസ്നേഹത്തിൽ ഹൃദയം
കൊരുത്തിത്തന്നവൾ

ക്ലാസിൽ കിട്ടിയ കൊച്ചുമിഠായി
എല്ലാർക്കും നുള്ളിത്തന്ന്
കിട്ടിയതെന്തും പങ്കുവെക്കാൻ
പഠിപ്പിച്ചവൾ

പള്ളേകത്തലിന്
ഒരേ കഞ്ഞിപ്പാത്രത്തിലൂടെ
സഹകരണത്തിന്റെ
പാഠമോതിത്തന്നവൾ

മരണപ്പായയിൽ
നിശ്ചലയായി കിടക്കുമ്പോഴും
അവസാന ഇശാ നിസ്കരിച്ച്
എന്നിൽ ഇലാഹീസ്മരണ നിറച്ചവൾ

ഒടുവിൽ തന്റെ പിഞ്ചുകുഞ്ഞിനെ
ഈ ലോകത്തിന്ന് സമർപ്പിച്ച്‌
ഓർമ്മകളുടെ വാതായനങ്ങൾ
തുറന്നിട്ടവൾ

ഓർമകൾക്കിന്ന് നിരന്തരം
അപ്‌ഡേഷൻ സംഭവിച്ചിട്ടും
അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത
ഒരേയൊരോർമ്മ
“ൻറെ കുഞ്ഞിമ്മു”

Leave a Reply

Your email address will not be published. Required fields are marked *