അറിവിന്റെ ശാപം

By N Muhammed Khaleel

khaleelmhdaky@gmail.com

Published in Pravasi Risala, April- 2019

സമകാലിക ലോകത്ത് കാര്യ നിർവ്വഹകരുടെ അശ്രദ്ധകൾ വലിയ പരിണതികളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് .പലപ്പോഴും കാര്യ നിർവ്വഹകരുടെ അനാസ്ഥ മൂലം സമർത്ഥമായ വൈദഗ്ധ്യ  തന്ത്രങ്ങൾ പോലും പ്രായോഗവൽക്കരണത്തിന്റെ ഘട്ടത്തിൽ  പാളിപ്പോകുന്നുണ്ട്.  ഉപഭോക്താവിൽ കൗതുകമുണ്ടാക്കൽ, കാര്യക്ഷമതയുള്ള ഉൽപ്പാദകൻ എന്ന കീർത്തി നേടൽ ,ബിസിനസ് ഓഹരികളുടെ മൂല്യത്തെ പരസ്യപ്പെടുത്തൽ എന്നിങ്ങനെ ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കു പോലും വ്യക്തമായി അറിവും പരിചയവുമില്ലാത്ത സങ്കീർണ്ണമായ വിദ്യകളോടാണ്  കാര്യ നിർവ്വഹകർക്ക് ഇഷ്ടം. ഈ  പ്രതിഭാസത്തെ വേണമെങ്കിൽ അറിവിന്റെ ശാപമെന്ന് വിളിക്കാം. ബിസിനസ് മേഖലയിൽ ഉന്നത തലങ്ങളിലെ കാര്യനിർവ്വഹകർക്ക് ബിസിനസിന്റെ ലോജിക്കിലും കീഴ് വഴക്കങ്ങളിലും വർഷങ്ങളുടെ അറിവും തഴക്കവുമുണ്ടാകും. അവയുടെ വെളിച്ചത്തിൽ അവർ സംസാരിക്കുമ്പോൾ അവരിലെ മൂർത്തമായ അറിവുകളെ സംക്ഷേപിക്കുകയാവും. എന്നാൽ അത്രയൊന്നും അറിവും തഴക്കവുമില്ലത്ത താഴെ കിടയിലുള്ള യാഥാർത്ഥ്യമറിയാത്ത ഉദ്യോഗസ്ഥന്മാർ കേൾക്കുന്നത് തികച്ചും അവ്യക്തമായ വിദ്യകളാണ്.ഇതിന്റെ പരിണതിയെന്നോണം അവ അപരിപൂർണ്ണവും വിശ്വസിക്കാൻ കൊള്ളാത്തവയായിത്തീരുകയും ചെയ്യുന്നു.
 
1990 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നും മനശ്ശാസ്ത്ര വിഭാഗത്തിൽ ബിരുദം നേടിയ എലിസബത്ത് ന്യൂട്ടൺ തന്റെ ഗവേഷണ പഠനങ്ങളിലൂടെ അറിവിന്റെ ശാപത്തെ വരച്ചു കാണിക്കുന്നുണ്ട്. വളരെ സരളമായ ഒരു വിദ്യയുപയോഗിച്ചാണ് ഇതു ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർക്കും താളം കൊട്ടുകാരൻ, ശ്രോദ്ധാവ് എന്നിങ്ങനെ രണ്ടു കർത്തവ്യങ്ങൾ നൽകും.ഓരോ താളം കൊട്ടുകാരനും അറിയപ്പെട്ട ഒരു ഗാനം തിരഞ്ഞെടുക്കണം. എന്നിട്ട് ടേബിളിൽ ഗാനത്തിന്റെ താളം കൈ കൊണ്ടിടണം. കൈ കൊട്ടിന്റെ താളം കേട്ട് ഗാനത്തെ തിരിച്ചറിയലാണ് ശ്രോദ്ധാവിന്റെ പണി. എലിസബത്ത് നടത്തിയ ഈ പരീഷണത്തിൽ 120 പാട്ടുകൾക്കാണ് താളം കൊട്ടുകാർ താളമിട്ടത്. എന്നാൽ ആകെ മൂന്ന് ഗാനത്തെ മാത്രമേ ശ്രോദ്ധാക്കൾ തിരിച്ചറിഞ്ഞുള്ളൂ. അതായത് 2.5% ശതമാനം മാത്രം. പരീക്ഷണം തുടങ്ങുന്നതിനു മുമ്പ് ശ്രോദ്ധാക്കൾ ഗാനത്തെ തിരിച്ചറിയുന്നതിന്റെ സാധ്യത എത്രയായിരിക്കുമെന്ന് എലിസബത്ത് താളം കൊട്ടുകാരോട് ചോദിച്ചിരുന്നു.50% എന്നായിരുന്നു അവരുടെ പ്രവചനം.എന്നാൽ അവരുടെ പ്രവചനത്തിന്റെ അരികത്തു പോലും പരീക്ഷണ ഫലം എത്താതിരുന്നതെന്തു കൊണ്ടായിരിക്കും?
 
ഒരു താളം കൊട്ടുകാരൻ താളം കൊട്ടുമ്പോൾ അതിന്റെ ഈണമനുസരിച്ച് എലിസബത്തും താളം കൊട്ടിയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം കൊട്ടാതിരിക്കുകയെന്നത് അസാങ്കൽപ്പികം തന്നെയായിരുന്നു.ശ്രോദ്ധാക്കൾക്കെല്ലാം വിചിത്രമായ മോസ് കോഡു (Morse code )കളെ പോലും കേൾക്കാനുള്ള നൈസർഗ്ഗിക കഴിവുണ്ടായിട്ടും താളം കൊട്ടുകാർ തങ്ങളുടെ യത്നത്തിനായി പാടുപെടേണ്ടി വന്നുവെന്നത് ഖേദകരം തന്നെയാണ്.
 
നമ്മുടെ പ്രശ്നമെന്തെന്നാൽ ഒരിക്കൽ നാമറിഞ്ഞ കാര്യത്തെ പിന്നീട് അറിയില്ലെന്ന് സങ്കൽപ്പിക്കാൻ ഗർവ്വ് നിറഞ്ഞ മനസ്സ് നമ്മെ സമ്മതിക്കുന്നില്ല.  അതേ സമയം നമ്മുടെ അറിവിനെ മറ്റുള്ളവരോട് പങ്കുവെക്കാൻ പോലും സമ്മതിക്കാത്തത്ര അഹങ്കാരം വളരുകയും ചെയ്തിരിക്കുന്നു. നമ്മുടെ അറിവ് നമ്മെ ശപിച്ചിരിക്കുകയാണ്. കാരണം അറിവിന്റെ ബാഹ്യ വശം മാത്രമേ നമ്മൾ മനസ്സിലാക്കിയിട്ടുള്ളൂ. അകക്കാമ്പ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല.
 
വ്യവസായിക ലോകത്ത്   ഉപഭോക്താക്കൾ മുതൽ ഉദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും അടക്കം കോർപ്പറേറ്റ് ആസ്ഥാനം  വരെയുള്ള വ്യക്തികളെല്ലാം നിലവിലെ വിനിമയ സാധ്യതകളെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവരാണ്. എന്നാൽ താളം കൊട്ടുകാരെയും ശ്രോദ്ധാക്കളെയും പോലെ അവരെല്ലാം ഒരേ സമയം നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നം കാര്യക്ഷമമായ അറിവിന്റെ ദൗർബല്യതയാണ്.
 
അറിവിന്റെ ശാപത്തിൽ നിന്നും കരകയറ്റാൻ നമ്മെ നയിക്കുന്നവർക്ക് അറിവുണ്ടായാൽ മാത്രം പോരാ. അതിനെ മൂർത്തമായി അവതരിപ്പിക്കാനും കഴിവുണ്ടാകണം. ഈ അവസരത്തിൽ അറിഞ്ഞിരിക്കേണ്ട കഥയാണ് സ്പെഷ്യൽ ഭക്ഷണ വിഭവങ്ങളുടെ ചെയിൻ ബിസിനസ് നടത്തുന്ന ജോ എന്ന വ്യക്തിയുടെത്. ഉപഭോക്താവിന് മെച്ചപ്പെട്ട ഭക്ഷണം, തന്റെ കച്ചവട ഇടപാടിനെ നിയന്ത്രിക്കുന്നതും തീരുമാനിക്കുന്നതുമായ അറിവുകൾ പകർന്ന് കൊടുക്കൽ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് മിഷൻ. മറ്റു വ്യാപാരികളിൽ നിന്നും ജോയുടെ വ്യാപാരത്തിന് പ്രത്യക്ഷമായി വ്യത്യാസങ്ങളൊന്നുമില്ല. എന്നാൽ വാൾമാർട്ടിലെ ഷോപ്പിംഗ് പോലെ അത്ര വിലയേറിയതൊന്നുമല്ല അദ്ദേഹത്തിന്റെ കടയിലെ വിഭവങ്ങൾ. മൊറോക്കൻ സിമ്മർ സോസ്, റെഡ് – പെപ്പർ സൂപ്പ് പോലുള്ള രുചികരമായ ഭക്ഷ്യ വിഭവങ്ങൾ കുറഞ്ഞ വിലയിൽ വിൽക്കപ്പെടുന്ന ഒരു സാധാരണ വ്യാപാരമാണ് ജോയുടേത്. എന്നാൽ അറിവിന്റെ ശാപത്തെ തടയുന്നതിൽ വ്യാപാരിയായ ജോക്ക് വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വളരെ മൂർത്തമായ വിനിമയ രീതിയായിരുന്നു അദ്ദേഹം തന്റെ വ്യാപാരത്തിനുപയോഗിച്ചിരുന്നത്. ഉപഭോക്താവിനെ പറ്റിയുള്ള കൃത്യമായ ചിത്രം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. തൊഴിൽ രഹിതരായ മധ്യവർഗക്കാരായ തന്റെ ഉപഭോക്താക്കളുടെ രുചി ഭേദങ്ങൾ എന്തെന്നു പോലും അദ്ദേഹത്തിന് അറിയാമായിരുന്നു. ഉപഭോക്താവിനെ തിരിച്ചറിയുമ്പോഴാണ് ബിസിനസിന്റെ സങ്കീർണ്ണതകൾ ലഘൂകരിക്കപ്പെടുന്നതെന്ന് ഒരു പക്ഷേ അയാൾ മനസ്സിലാക്കിയിട്ടുണ്ടാകണം.
 
മൂർത്തമായ ഭാഷകളെ പോലെ ചരിത്രപ്രധാനമുള്ള കഥകളും അറിവിന്റെ ശാപത്തെ തടയാൻ സഹായകമായിരിക്കും. മാത്രമല്ല, അത്തരം കഥകൾ ബിസിനസിൽ മൂർത്തമായ വിനിമയ രീതികളെ പിന്തുടരാനുള്ള പ്രചോദനം നൽകാനും സാധിക്കും. പ്രമുഖ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ ഫെഡക്സ് തങ്ങൾക്ക് പർപ്പിൾ പ്രോമിസ് അവാർഡ് ലഭിക്കാനിടയായ സംഭവത്തെ ഇടക്കിടെ ഓർമ്മിപ്പിക്കാറുണ്ട്. ‘നിങ്ങളുടെ പാക്കേജ് – കൃത്യ സമയത്ത്, കൃത്യ സ്ഥലത്ത് ‘ എന്നതാണ് കമ്പനിയുടെ ആപ്തവാക്യം. ഒരിക്കൽ കമ്പനിയുടെ ട്രക്ക് ന്യൂയോർക്കിൽ വെച്ച് അപകടത്തിൽ പെടുകയും സാധനങ്ങൾ കൊണ്ടു പോകാൻ കമ്പനി പകരം അയച്ച വണ്ടി എത്താൻ വൈകുകയും ചെയ്തു. ഉത്തരവാദിത്തബോധവും ആത്മാർത്ഥതയുമുള്ള ഡ്രൈവർ കമ്പനിയുടെ കൃത്യനിഷ്ഠത നിലനിർത്താൻ ഏതാനും ചില പാക്കേജുകൾ കയ്യിലെടുത്ത് നടന്നു കൊണ്ട് ഡെലിവർ ചെയ്തു. കമ്പനിയുടെ കൃത്യനിഷ്ഠതയെന്ന സൽപ്പേര് ഇല്ലാതാകുമെന്ന് ഭയന്ന ഡ്രൈവർ, ഒടുവിൽ ഷിപ്പിംഗ് ബിസിനസ്സിൽ തങ്ങളുടെ എതിരാളികളായി പ്രവർത്തിക്കുന്ന കമ്പനിയുടെ വാഹനത്തിൽ ബാക്കിയുള്ള സാധനങ്ങൾ ഡെലിവർ ചെയ്തു കൊടുത്തു. എതിരാളിയുടെ സഹായമുപയോഗിച്ചാണെങ്കിലും ഉപഭോക്താവിനെ തൃപ്തിപ്പെടുത്തുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഈയൊരൊറ്റ സംഭവം കാരണം ലോകത്തെ ഏറ്റവും വിശ്വാസ്യത നേടിയ കമ്പനിയായി ഫെഡക്സ് ഇന്നും അറിയപ്പെടുന്നുണ്ട്. ഇത്തരം കഥകൾ ബിസിനസിന്റെ താഴെ കിടയിലുള്ള ജീവനക്കാരൻ മുതൽ മേലെ കിടയിലുള്ള കാര്യനിർവ്വാഹകർക്കു വരെ പ്രചോദനമായിരിക്കും. വൈകുന്നേരം അഞ്ചു മണി വരെ ജോലി ചെയ്യലല്ല തന്റെ ഉത്തരവാദിത്തമെന്നും ഉപഭോക്താവിന് കൃത്യ സമയത്ത് ഏതുവിധേനയും പാക്കേജ് ഡെലിവർ ചെയ്യലാണ് തന്റെ ഉത്തരവാദിത്തമെന്ന് മനസ്സിലാക്കാനും ഈ കഥ തന്നെ ധാരാളം. ഈ സംഭവത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് കമ്പനി അതിന്റെ സ്വീകാര്യത നിലനിർത്തുന്നത്.
 
ചുരുക്കത്തിൽ, മൂർത്തമായ കഥകൾക്കും വിനിമയ രീതികൾക്കും അറിവിന്റെ ശാപത്തെ തടയാനും  കാര്യനിർവാഹകരുടെ ആശയപദ്ധതികൾക്ക് മൂർച്ചകൂട്ടാനും സാധിക്കുമെന്നത് തീർച്ചയാണ്.അത്തരം രീതി ശാസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ മത്രമേ ഒരു ബിസിനസ്സ് സംരഭത്തിലെ മുഴുവൻ അംഗങ്ങൾക്കുമിടയിൽ സുതാര്യമായ ആശയ വിനിമയവും ആശയ കൈമാറ്റവും സാധ്യമാവുകയുള്ളൂ. ആത്യന്തികമായി ബിസിനസ് സംരഭത്തിന്റെ വിജയവും അതു തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *